ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ മുഖ്യപ്രതി ഉമറിനും സംഘത്തിനും പിന്നിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിച്ചതായി അന്വേഷണ ഏജൻസികളുടെ അനുമാനം. ഉമർ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്‌ഐയുടെ പങ്കുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിന് ശേഷം അൽ ഫലാഹ് സർവകലാശാലയിലെ മസ്ജിദിനോട് ചേർന്ന ഗേറ്റിലൂടെയാണ് ഉമർ രക്ഷപ്പെട്ടത്. തുടർന്ന് ഒൻപത് ദിവസം ഇയാൾ ഹരിയാനയിലെ നൂഹിൽ ഒളിവിൽ താമസിച്ചു.
ഇതിനിടെ ഫോൺ ചാർജ്ജ് ചെയ്യാനായി ഒരു മെഡിക്കൽ സ്റ്റോറിൽ കയറിയതടക്കമുള്ള ഉമറിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉമർ ഐ20 കാറിൽ കറങ്ങുന്നത് പലരും കണ്ടതായി മൊഴിയുണ്ട്. ഇതിനിടെ ഉമറിനെ വാഹനത്തിൽ കൊണ്ടുനടന്ന മെഡിക്കൽ കോളേജിലെ നേഴ്സായ ഷൊയിബിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചെങ്കോട്ട സ്ഫോടനക്കേസിൽ നിരവധി പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും, ഭീകരവാദ ബന്ധമുള്ളവരെ പിടികൂടുകയും ചെയ്തതോടെ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉമർ ഉൻ നബിയാണ് ചാവേറെന്ന് എൻഐഎ സ്ഥിരീകരിച്ചു. ഇയാൾക്ക് താമസസൗകര്യവും മറ്റ് സഹായങ്ങളും നൽകിയ അമീർ റാഷിദ് അലി ഉൾപ്പെടെയുള്ളവരെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അതേസമയം രാജ്യത്ത് ഹമാസ് മാതൃകയിൽ ഡ്രോൺ ആക്രമണം നടത്താൻ ഭീകരവാദികളുടെ നെറ്റ് വർക്ക് പദ്ധതിയിട്ടതിന് തെളിവ് കണ്ടെത്തിയതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ചെങ്കോട്ട സ്ഫോടനം നടത്തിയ സംഘം ഇതിനായി ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാൻ പദ്ധതിയിട്ടെന്ന് എൻഐഎ കണ്ടെത്തി. ചാവേറായി പൊട്ടിത്തെറിക്കുന്നതിനെ ന്യായീകരിച്ച് ഉമർ നബി സ്വയം ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഡൽഹിയിലടക്കം രാജ്യത്തിന്റെ വിവിധിയടങ്ങളിൽ വൻ ആക്രമണങ്ങൾക്ക് ഭീകരസംഘം പദ്ധതിയിട്ടതിന്റെ കൂടുതൽ തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. കാറുകളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് ചാവേറായി പൊട്ടിത്തെറിക്കുന്നത് കൂടാതെ ചെറിയ റോക്കറ്റുകളും ഡ്രോണുകളും നിർമ്മിച്ച് ആക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നു. സ്ഫോടകവസ്തുക്കൾ ഡ്രോണുകളിൽ ഘടിപ്പിച്ച് നഗരങ്ങളിൽ ആക്രമണം നടത്താനാണ് പദ്ധതിയിട്ടതെന്നാണ് വിവരം. അറസ്റ്റിലായ ഷഹീൻ രണ്ട് വർഷം സൗദി അറേബ്യയിൽ ജോലി ചെയ്തെന്നും, തുർക്കിക്ക് പുറമേ മാൽദ്വീപിലേക്കും യാത്ര ചെയ്തെന്നും അന്വേഷണ സംഘം കണ്ടെത്തിക്കഴിഞ്ഞു.
അതിനിടെ ചാവേറാകുന്നതിനെ കുറിച്ച് സമൂഹം തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും, ചാവേറായുള്ള മരണം വീരമൃത്യുവാണെന്നുമൊക്കെ ഉമർ പറയുന്ന വീഡിയോയാണ് പുറത്ത് വന്നത്. ചാവേറായി പൊട്ടിത്തെറിക്കുന്നതിന് രണ്ട് മാസം മുൻപ് ചിത്രീകരിച്ച വീഡിയോയാണ് പുറത്ത് വന്നത്. ടെലഗ്രാമിലാണ് ഉമർ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. വീഡിയോയുടെ ആധികാരികത പരിശോധിക്കുകയാണെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.

















































