തിരുവനന്തപുരം: സ്ഥാനാർഥിത്വം നഷ്ടപ്പെട്ടതിന്റെ പേരിൽ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ആനന്ദ് സുഹൃത്തിനോട് നടത്തിയ ഫോൺ സംഭാഷണത്തിൽ അയാൾ എത്രമാത്രം മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. കൂടാതെ ആനന്ദ് സജീവ സംഘപരിപാർ പ്രവർത്തകനാണെന്ന് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
സുഹൃത്തിനോട് ആനന്ദ് നടത്തിയ ഫോൺ സംഭാഷണം ഇങ്ങനെ-
“പ്രസ്ഥാനത്തിനുവേണ്ടി രണ്ടുപതിറ്റാണ്ടിലേറെ പ്രവർത്തിച്ചിട്ടും ബിജെപിയും ആർഎസ്എസും ചെയ്തത് കണ്ടോ?. ഞാൻ രണ്ടും കല്പിച്ചാണ്. മത്സരിക്കാൻ തീരുമാനിച്ചു. സമ്മർദ്ദം എല്ലാ ഭാഗത്തുനിന്നും ഉണ്ട്. സംഘടനയുടെ ചുമതലയുള്ള ചിലർക്ക് മാത്രേയുള്ളൂ. ഇത്രമാത്രം അപമാനിച്ചു, ഇനി അവരെ വെറുതെവിടാൻ എന്റെ മനസ്സ് സമ്മതിക്കില്ല. ഞാൻ പോരാടി നിൽക്കുന്ന ആളാണ്. എത്ര കൊമ്പനായാലും പോരാടും. ഒരു കാര്യം ഏറ്റെടുത്താൽ അത് ചെയ്ത് തീർത്തിട്ടേ അവിടെനിന്ന് മാറൂ, എന്ത് പ്രതിസന്ധി നേരിട്ടാലും. ഇത്രയും കാലം സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിൽ അല്ലേ നിന്നത്. എന്റെ ശരീരം, സമയം, പണം, മനസ്സ് ഇതെല്ലാം സംഘടനയ്ക്ക് വേണ്ടി കൊടുത്തില്ലേ…? എന്നിട്ട് തിരിച്ച് ഈ പരിപാടി കാണിക്കുമ്പോൾ, അത് നാലായി മടക്കി പോക്കറ്റിൽ വെച്ച് വീട്ടിൽ പോയിട്ടിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല”.
അതേസമയം സ്ഥാനാർഥിനിർണയത്തിൽ തഴയപ്പെട്ടെന്ന പരാതിയുന്നയിച്ചാണ് തിരുമല ജയ്‌നഗർ സരോവരത്തിൽ ആനന്ദ് കെ. തമ്പി(39) ജീവനൊടുക്കിയത്. ശനിയാഴ്ച വൈകീട്ടാണ് വീടിന്റെ പുറകിലെ ഷെഡിൽ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ എഫ്ഐആർ രേഖപ്പെടുത്തി കേസന്വേഷണം ആരംഭിച്ചുണ്ട്. ഇതുവരെ ആരേയും പ്രതി ചേർത്തിട്ടില്ല. എന്നാൽ ആനന്ദിന്റെ ആത്മഹത്യാ കുറിപ്പിൽ ചലരുടെ പേരുകൾ പരാമർശിക്കുന്നുണ്ട്.
കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ മത്സരിക്കാൻ താത്‌പര്യം പ്രകടിപ്പിച്ച് നേരത്തേ ആനന്ദ് നേതൃത്വത്തെ കണ്ടിരുന്നു. എന്നാൽ, ബിജെപി ഇവിടെ മറ്റൊരാളെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണുമാഫിയയുമായി ബന്ധമുണ്ടെന്നുൾപ്പെടെ ആരോപിച്ച് സുഹൃത്തുകൾക്ക് വാട്‌സാപ്പ് സന്ദേശം അയച്ചശേഷമായിരുന്നു ആനന്ദിൻറെ ആത്മഹത്യ. സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ആർഎസ്എസ്, ബിജെപി പ്രവർത്തകർ തന്നെ മാനസിക സമ്മർദത്തിലാക്കിയെന്നും കുറിപ്പിൽ പറയുന്നു. അതേസമയം, ആനന്ദിനെ വ്യക്തിപരമായി അറിയില്ലെന്നും പേര് ഒരുഘട്ടത്തിലും പട്ടികയിലില്ലായിരുന്നെന്നുമാണ് ബിജെപിയുടെ വിശദീകരണം. എന്നാൽ, ആനന്ദ് സംഘപരിവാറിൻറെ സജീവ പ്രവർത്തകനായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.
കഴിഞ്ഞ സിഎഎ പ്രക്ഷോഭകാലത്ത് അതിനെതിരായി ബിജെപി നടത്തിയ പരിപാടിയിൽ ആനന്ദ് പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുതിർന്ന സംഘപരിവാർ നേതാക്കൾ വേദിയിലിരിക്കെയാണ് ആനന്ദ് പ്രസംഗിക്കുന്നത്. നേതൃത്വത്തിനെതിരേ ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞമാസം ജീവനൊടുക്കിയ ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ബന്ധു കൂടിയാണ് ആനന്ദ്.
ഇതിനിടെ ആർഎസ്എസുകാർക്കെതിരെ ആരോപണമുന്നയിച്ച് ബിജെപി വനിതാ നേതാവ് നെടുമങ്ങാട്ട് ആത്മഹത്യയ്ക്കു ശ്രമിച്ചു. സംഘത്തിന്റെ പ്രാദേശിക നേതാക്കൾ തന്നെ വ്യക്തിഹത്യനടത്തിയെന്ന് ശാലിനി ആരോപിച്ചു. തന്നെ മത്സരിപ്പിക്കരുതെന്ന് ബിജെപി നേതാക്കളിൽ സമ്മർദം ചെലുത്തി. തനിക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയതിൽ മനംനൊന്താണ് ആത്മഹത്യക്കു ശ്രമിച്ചതെന്നും ശാലിനി പറഞ്ഞു.

















































