കണ്ണൂര്‍: പാലത്തായിയിൽ സ്കൂൾ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് ശിക്ഷ പ്രസ്താവിക്കും. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കൂടാതെ പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ ഉത്തരവാദികൾ മത തീവ്രവാദികൾ മാത്രമായിരിക്കുമെന്നും പ്രതിഭാഗത്തിന്‍റെ അഭിഭാഷകൻ വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണ് പ്രതിഭാഗം വാദിച്ചു. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബമാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടു. കേസിന്‍റെ മെറിറ്റാണ് പരിശോധിച്ചതെന്ന് കോടതി മറുപടി നൽകി.
അതേസമയം കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിൽ അഞ്ചു തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
















































