കല്പറ്റ: വയനാട് ജില്ലാപഞ്ചായത്തിൽ യുഡിഎഫിൽ ഏകദേശ സീറ്റുധാരണയായി. ഇക്കുറി അധികമായി വർധിച്ച ഡിവിഷൻ മുസ്ലിംലീഗിന് നൽകാമെന്നാണ് ചർച്ചയിൽ തീരുമാനം. ഇതോടെ 17-ൽ ആറു സീറ്റിൽ മുസ്ലീം ലീഗ് മത്സരിക്കും. പത്തു സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ കേരള കോൺഗ്രസും (ജോസഫ്) മത്സരിക്കും. അതേസമയം സ്ഥാനാർഥിനിർണയത്തിൽ ചർച്ചകൾ തുടരുകയാണ്.
മുൻതദ്ദേശതിരഞ്ഞെടുപ്പിൽ 16 ഡിവിഷനിൽ പത്തു സീറ്റിൽ കോൺഗ്രസ്, അഞ്ചു സീറ്റിൽ ലീഗ്, ഒരു സീറ്റിൽ കേരള കോൺഗ്രസ് (ജോസഫ്) എന്നിങ്ങനെയായിരുന്നു മത്സരിച്ചത്.
കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗം മത്സരിച്ച മീനങ്ങാടി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ താത്പര്യപ്പെട്ടതും മുട്ടിൽ സീറ്റിൽ ലീഗ് അവകാശവാദം ഉന്നയിച്ചതിനെത്തുടർന്നും കാരണമാണ് യുഡിഎഫിൽ സ്ഥാനാർഥി പ്രഖ്യാപനം നീളുന്നത്. മീനങ്ങാടി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതിനോട് കേരള കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചാൽത്തന്നെ പകരം സീറ്റ് ഏതെന്നതിൽ വ്യക്തത വേണം. അതിനൊപ്പം മുൻതിരഞ്ഞെടുപ്പുകളിലെ ധാരണപ്രകാരമാണ് ലീഗിന്റേതായിരുന്ന മുട്ടിൽ ഡിവിഷനിൽ കോൺഗ്രസും പനമരത്ത് ലീഗും മത്സരിച്ചതെന്നും ഇക്കുറി പഴയ സീറ്റുധാരണ തുടരണമെന്നുമാണ് ലീഗിന്റെ ആവശ്യം. ഇതനുസരിച്ച് സീറ്റുകളിൽ വിട്ടു നൽകുന്നതിലും ചർച്ചകൾ പുരോഗമിക്കുകയാണ്.















































