ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കണ്ണുകൾ നീളുന്നത് പാക്കിസ്ഥാനിലേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ലക്നൗ സ്വദേശി ഡോക്ടർ ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആരീഫാ ബീവിയുമായി ഡോക്ടർ ഷഹീൻ സമ്പർക്കത്തിലായിരുന്നു എന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. ജയ്ഷെ വനിത സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഭീകരസംഘടനയിലേക്കു വനിതകളെ ചേർക്കുന്നതിനു ഇന്ത്യയിൽ നേതൃത്വം വഹിച്ചെന്നും കണ്ടെത്തിയിരുന്നു. ഇതോടെ സംശയത്തിന്റെ കണ്ണുകൾ കൊടും ഭീകരൻ മസൂദ് അസറിലേക്കും നീളുന്നു.
അതേസമയം സ്ഫോടന കേസിലെ പ്രതികൾ ഉപയോഗിച്ച ബ്രീസാ കാർ ഇന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്ത നിലയിലാണ് കാർ കണ്ടെത്തിയത്. ഭീകര സംഘത്തിലെ വനിത ഡോക്ടറായ ഷഹീൻ്റെ കാറാണ് കണ്ടെത്തിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചുവന്ന എക്കോ സ്പോർട്ട് കാറാണ് കണ്ടെത്തിയത്. ഫരീദാബാദ് പോലീസാണ് വാഹനം പിടികൂടിയത്. DL 10 CK 0458 എന്ന നമ്പർ കാറാണ് പോലീസ് കണ്ടെത്തിയത്. ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു ഈ കാർ.
സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ ഉടനീളം ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് പോലീസ്. കൂടാതെ സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് പോലീസിൻറെ കണ്ടെത്തൽ. വ്യാജ വിലാസത്തിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ കാർ രജിസ്റ്റർ ചെയ്തിരുന്നത് ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. ഈ വാഹനം വ്യാജ രേഖകൾ നൽകി രജിസ്റ്റർ ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം. രേഖകൾ പ്രകാരം ഡോക്ടർ ഉമർ നബി എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട ഉമർ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടയിലോ ദീപാവലിക്കോ ആക്രമണം നടത്താനായിരുന്നു നീക്കം. ഉമറും അറസ്റ്റിലായ മുസ്‌മിൽ ഷക്കീലും കഴിഞ്ഞ ജനുവരിയിൽ ചെങ്കോട്ട സന്ദർശിച്ചിരുന്നു. മുസ്‌മിലിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ചാന്ദ്നി ചൗക്കിലും ജമാ മസ്ജിദിലും ഇവർ എത്തിയതായി കണ്ടെത്തി. ദിപാവലി പോലുള്ള ആഘോഷവസരങ്ങളിൽ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് സൂചന. ആക്രമണത്തിനായി ഭീകരർ വാങ്ങിയ മറ്റ് വാഹനങ്ങൾക്കായി സുരക്ഷാ ഏജൻസികൾ തെരച്ചിൽ ഊർജിതമാക്കി. സ്ഫോടനത്തിന് ഉപയോഗിച്ച കാർ കൂടാതെ മറ്റു രണ്ട് വാഹനങ്ങൾ കൂടി ഭീകരർ വാങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്.
അതുപോലെ ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ 6ന് ഡൽഹിയിൽ ആറിടത്തു ആക്രമണത്തിനു പദ്ധതിയിട്ടെന്നാണു കഴിഞ്ഞദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നു അന്വേഷണസംഘത്തിന് ലഭിച്ച വിവരം. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് ഇടയാക്കിയ കാർ ഓടിച്ചത് ഡോ.ഉമർ നബിയാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സ്ഫോടനത്തിൽ 12 പേരാണ് മരിച്ചത്.
ഇസ്ലാമാബാദിലെ സ്‌ഫോടനം താലിബാന്റെ സന്ദേശം; യുദ്ധത്തിന് പൂര്‍ണസജ്ജമെന്ന് പാക് പ്രതിരോധ മന്ത്രി



















































