അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ “ഓം വീര നാഗ” എന്ന ഗാന ചിത്രീകരണവും അതിനായി നിർമ്മിച്ച ബ്രഹ്മാണ്ഡ സെറ്റും ശ്രദ്ധ നേടുന്നു. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ഇപ്പൊൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ ഒരു വമ്പൻ ഗാന രംഗമാണ് വാർത്തകളിൽ നിറയുന്നത്. ശിവ ഭഗവാന് ആദരവ് നൽകി കൊണ്ട് ഒരുക്കുന്ന ഈ ഗാനത്തിനായി ബ്രഹ്മാണ്ഡ വലിപ്പത്തിലാണ് ഒരു ശിവ ക്ഷേത്രത്തിൻ്റെ സെറ്റ് രാമ നായിഡു സ്റ്റുഡിയോയിൽ ഒരുക്കിയത്.
വമ്പൻ കാൻവാസിൽ ഒരുക്കുന്ന ഈ ഭക്തി ഗാനത്തിന് ഈണം നൽകിയത് ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്നാണ്. ബോളിവുഡ് നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ നൃത്ത ചുവടുകൾ ഒരുക്കുന്ന ഈ ഗാനത്തിൻ്റെ വരികൾ രചിച്ചത് ശ്രീ ഹർഷ. പ്രശസ്ത കലാസംവിധായകൻ അശോക് കുമാറും ടീമും ചേർന്നാണ് ഈ ഗാനത്തിന് വേണ്ടിയുള്ള വമ്പൻ ശിവ ക്ഷേത്രം നിർമ്മിച്ചത്. സവിശേഷമായ കാർത്തിക മാസത്തിലാണ് ഈ ഗാനം ചിത്രീകരിക്കുന്നത് എന്നതും ഇതിൻ്റെ ആത്മീയമായ പ്രാധാന്യത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്.
ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനമാണ് നായകൻ വിരാട് കർണ്ണ നടത്തിയത്. വമ്പൻ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ഒരുങ്ങുന്ന ചിത്രത്തിനായി സംവിധായകൻ്റെ കാഴ്ചപ്പാടിനൊപ്പം പൂർണ്ണമായും ചേർന്ന് നിൽക്കുകയാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ. ആത്മീയമായ ഒരു കഥ അതിൻ്റെ എല്ലാ മികവോടെയും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.
നേരത്തെ 1000 നർത്തകർ പങ്കെടുത്ത മറ്റൊരു ബ്രഹ്മാണ്ഡ ഗാനവും ചിത്രത്തിനായി ഒരുക്കിയിരുന്നു. കേരളത്തിലെ പ്രശസ്തമായ അനന്ത പദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ രൂപത്തിൽ നിർമ്മിച്ച ബ്രഹ്മാണ്ഡ സെറ്റിൽ ആണ് ഈ ഗാനം ചിത്രീകരിച്ചത്. ഇത് കൂടാതെ, നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് മികച്ച ശ്രദ്ധ നേടിയിരുന്നു. വിരാട് കർണ്ണ അവതരിപ്പിക്കുന്ന ‘രുദ്ര’ എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്ത് വന്നത്.
ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രത്തിൽ നഭ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ്.
പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.
ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ – ശബരി

















































