കോട്ടയം: പെരുംതുരുത്തിയിൽ ആഭിചാരത്തിന്റെ പേരിൽ യുവതിക്കു നേരിടേണ്ടി വന്നത് ക്രൂരപീഡനം. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്നാണ് യുവതിയെ മണിക്കൂറുകൾ നീണ്ട ശാരീരിക, മാനസിക പീഡനങ്ങൾക്ക് വിധേയയാക്കിയത് എന്നാണ് വിവരം. യുവതിയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവുൾപെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവ് മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽദാസ് (26), ഇയാളുടെ പിതാവ് ദാസ് (55), പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടിൽ കുട്ടന്റെ മകൻ ശിവദാസ് (54) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം പീഡനത്തിനിരയായ യുവതിയും അഖിൽദാസും പ്രണയിച്ച് വിവാഹിതരായതാണ്. ഇരുവരും അഖിലിന്റെ വീട്ടിൽതന്നെയാണ് താമസിച്ചിരുന്നത്. ഇതിനിടെ, യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കൂടിയിട്ടുണ്ട് എന്ന ഭർതൃമാതാവിന്റെ ആരോപണമാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ഇവർതന്നെ ഇടപാട് ചെയ്തതനുസരിച്ച്, നവംബർ രണ്ടിന് തിരുവല്ല മുത്തൂർ സ്വദേശിയായ ശിവൻ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി ഇവരുടെ വീട്ടിലെത്തി. അന്നേദിവസം പകൽ 11 മണിമുതൽ രാത്രി ഒമ്പതുമണിവരെ, മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയകൾ ആ വീട്ടിൽ നടന്നതായാണ് വിവരം. ക്രിയകൾക്കിടെ യുവതിക്ക് മദ്യം നൽകിയ ശേഷം ബലമായി ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുന്നതുൾപ്പടെ മറ്റ് ശാരീരിക ഉപദ്രവങ്ങൾ ഏൽപ്പിക്കുകയും ചെയ്തു.
ചടങ്ങുകൾ കഴിഞ്ഞതോടെ യുവതിയുടെ മാനസികനില തകരാറിലായതായും റിപ്പോർട്ട്. സംഭവം അറിഞ്ഞെത്തിയ യുവതിയുടെ പിതാവാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിലെ ഒന്നാംപ്രതി ശിവദാസനെ തിരുവല്ല മുത്തൂർ ഭാഗത്തുനിന്നാണ് പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിനുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരിക്കുകയായിരുന്നു ഇയാൾ.
അതേസമയം കൂട്ടുപ്രതികളായ അഖിൽ ദാസിന്റെ മാതാവും മറ്റുള്ളവരും ഒളിവിലാണ്. മണർകാട് എസ്എച്ച്ഒ അനിൽ ജോർജ്, എസ്‌ഐ ആഷ് ടി. ചാക്കോ, രാധാകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, വിജേഷ്, സുബിൻ പി. സജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
















































