വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുന്നതിനു മുൻപു മുതൽ സ്വീകരിച്ച നിലപാടാണ് അമേരിക്കയിൽ രണ്ട് ലിംഗങ്ങളേയുള്ളൂ, സ്ത്രീയും പുരുഷനുമെന്നത്. ഇക്കാര്യത്തിൽ ട്രംപിനൊപ്പമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് യുഎസ് സുപ്രിം കോടതിയും. യുഎസ് പാസ്‌പോർട്ടുകളിലെ ലിംഗസൂചകം ‘പുരുഷൻ’ എന്നോ ‘സ്ത്രീ’ എന്നോ മാത്രമായി പരിമിതപ്പെടുത്തണമെന്ന നയം നടപ്പിലാക്കാൻ യുഎസ് സുപ്രീംകോടതി അനുമതി നൽകി. ഇതുപ്രകാരം രാജ്യത്തെ ട്രാൻസ്‌ജെൻഡറുകൾക്ക് അവരുടെ ലിംഗസ്വത്വം പാസ്‌പോർട്ടിൽ രേഖപ്പെടുത്താനാവില്ല. അതേസമയം ഈ വിധി യുഎസിലെ ട്രാൻസ്‌ജെൻഡർ അവകാശങ്ങളെയും സുരക്ഷയേയുംകുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
കോടതിയിലെ മൂന്ന് ജഡ്ജിമാർ ഈ വിധിയോട് വിയോജിച്ചെന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്‌ജെൻഡർ വിഭാഗത്തെ അപകടപ്പെടുത്താൻ ഈ വിധി വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. പുരുഷൻ അല്ലെങ്കിൽ സ്ത്രീ എന്നിങ്ങനെ രണ്ട് ലിംഗഭേദങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന് കഴിഞ്ഞ ജനുവരിയിൽ ട്രംപ് ഭരണകൂടം ഒരു എക്‌സിക്യുട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്‌കരിക്കുകയും ഇവ രണ്ടുമല്ലാത്ത ലിംഗഭേദത്തിന് അംഗീകാരം ഇല്ലാതാക്കുകയും ചെയ്തു.
അതേസമയം ലിംഗസ്വത്വത്തിനനുസരിച്ച് പുരുഷനെന്നോ സ്ത്രീയെന്നോ ‘X’ എന്നോ തിരഞ്ഞെടുക്കാൻ അപേക്ഷകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കീഴ്‌ക്കോടതി രംഗത്തെത്തിയിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്. 1970-കളിലാണ് യുഎസ് പാസ്‌പോർട്ടുകളിൽ ലിംഗപരമായ സൂചകങ്ങൾ ഉൾപ്പെടുത്തിത്തുടങ്ങിയത്. 90-കളുടെ തുടക്കത്തിൽ ഡോക്ടറുടെ കുറിപ്പ് അടിസ്ഥാനത്തിൽ അപേക്ഷകർക്ക് ഇത് മാറ്റാനുള്ള അനുമതി നൽകി. തുടർന്ന് ജോ ബൈഡൻ പ്രസിഡന്റായ 2021-ൽ രേഖകൾ ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുകയും ട്രാൻസ്‌ജെൻഡർ അപേക്ഷകർക്കായി ‘എക്‌സ്’ എന്ന മൂന്നാമതൊരു ഒപ്ഷൻ നൽകുകയും ചെയ്തു.
എന്നാൽ ജനുവരിയിൽ പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിയെത്തിയതു മുതൽ രണ്ട് ലിംഗങ്ങളേയുള്ളൂ എന്ന നിലപാട് സ്വീകരിച്ചിരുന്നു ട്രംപ്. ട്രാൻസ്‌ജെൻഡറുകളുടെ ലിംഗസ്വത്വത്തെ ഒരു നുണയാണ് അദ്ദേഹം കരുതിയിരുന്നത്. പിന്നാലെ യുഎസ് സൈന്യത്തിൽ ചേരുന്നതിൽനിന്ന് ട്രാൻസ്‌ജെൻഡറുകളെ വിലക്കി. ഇതിനും സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു.


















































