വാഷിങ്ടൺ: യുഎസിൽ ഗവൺമെന്റ് ഷട്ട്ഡൗൺ കാരണം നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്ത 750-ലധികം വിമാനങ്ങളാണ് ഇതുവരെ റദ്ദാക്കിയത്. വ്യാഴാഴ്ച 6,400-ലധികം യുഎസ് വിമാനങ്ങൾ വൈകുകയും 200 എണ്ണം റദ്ദാക്കുകയും ചെയ്തു. ഇതുവഴി പതിനായിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. യുഎസിലുടനീളമുള്ള യാത്രക്കാർ വിമാനങ്ങൾ റീബുക്ക് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ്.
അതുപോലെ ഷട്ട്ഡൗൺ കാരണം പതിനായിരക്കണക്കിന് എയർ ട്രാഫിക് കൺട്രോളർമാർ, എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവർക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യമുണ്ട്. യുഎസിൽ ഇത്തരമൊരു സാഹചര്യം അഭൂതപൂർവമാണ്. വ്യോമയാന രംഗത്തെ തന്റെ 35 വർഷത്തെ അനുഭവത്തിൽ, ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കേണ്ടിവന്ന സാഹചര്യം ഓർമയിലില്ലെന്ന് എഫ്എഎ അഡ്മിനിസ്‌ട്രേറ്റർ ബെഡ്‌ഫോർഡ് പറയുന്നു.
അതേസമയം ഗവൺമെന്റ് ഷട്ട്ഡൗൺ രാജ്യത്തെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ ജീവനക്കാരുടെ കുറവ് വരുത്തിയതോടെയാണ് ഫ്‌ളൈറ്റുകൾ റദ്ദാക്കേണ്ട സാഹചര്യമുണ്ടായത്. രാജ്യത്തെ തിരക്കേറിയ 40 മേഖലകളിലേക്കുള്ള വിമാന സർവീസുകൾ 10 ശതമാനംവരെ വെട്ടിക്കുറയ്ക്കും. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ നൽകിയ ഉത്തരവ് പാലിച്ചാണ് നടപടി.
ഫ്‌ളൈറ്റ് അവയർ എന്ന ട്രാക്കിങ് വെബ്‌സൈറ്റ് നൽകുന്ന വിവരമനുസരിച്ച്, വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന 750-ലധികം ഫ്‌ളൈറ്റുകൾ റദ്ദാക്കി. പ്രതിദിനം 220 ഫ്‌ളൈറ്റുകൾ റദ്ദാക്കുമെന്ന് അമേരിക്കൻ എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്ത ഏകദേശം 170 ഫ്‌ളൈറ്റുകൾ റദ്ദാക്കിയതായി ഡെൽറ്റ എയർലൈൻസും നൂറോളം ഫ്‌ളൈറ്റുകൾ റദ്ദാക്കിയെന്ന് സൗത്ത് വെസ്റ്റ് എയർലൈൻസും അറിയിച്ചു.
നിലവിൽ അറ്റ്‌ലാന്റ, നെവാർക്ക്, ഡെൻവർ, ഷിക്കാഗോ, ഹൂസ്റ്റൺ, ലോസ് ആഞ്ജലീസ് ഉൾപ്പെടെയുള്ള രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളെയാണ് ഫ്‌ളൈറ്റുകളുടെ ഈ കുറവ് വളരെയധികം ബാധിക്കുക. അതേസമയം, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പാലിക്കുമെങ്കിലും ഇവ തങ്ങളുടെ അന്താരാഷ്ട്ര റൂട്ടുകളെ ബാധിക്കില്ലെന്ന് വിമാനക്കമ്പനികളായ യുണൈറ്റഡ് എയർലൈൻസും ഡെൽറ്റയും അറിയിച്ചിട്ടുണ്ട്. റദ്ദാക്കലുകൾ കൂടുതലും പ്രാദേശിക റൂട്ടുകളെയാണ് ബാധിക്കുകയെന്നാണ് ഇത് നൽകുന്ന സൂചന.


















































