പത്തനംതിട്ട: തിരുവല്ലയിൽ ബസിറങ്ങിയ പത്തൊൻപതുകാരിയെ നടുറോഡിൽ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും. അഡിഷനൽ ജില്ലാ കോടതി –1 ആണ് വിധി പുറപ്പെടുവിച്ചത്. കൊലക്കേസിൽ അജിൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഹരിശങ്കർ പ്രസാദാണ് പ്രോസിക്യൂട്ടർ.
പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിന്റെ മകൾ കവിതയാണു കൊല്ലപ്പെട്ടത്. 2019 മാർച്ച് 12നു രാവിലെ 9.11നു ചിലങ്ക ജംക്‌ഷനിലെ റെയിൽവേ സ്റ്റേഷൻ റോഡിലായിരുന്നു സംഭവം. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ പിന്തുടർന്നാണ് അജിൻ ആക്രമിച്ചത്. ഇരുവരും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്നാണു പ്രതി നൽകിയ മൊഴി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായി. കൊലപാതകം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
സംഭവ ദിവസം 3 കുപ്പി പെട്രോൾ, കയർ, കത്തി എന്നിവ ബാഗിൽ കരുതിയാണു രാവിലെ പ്രതി അജിൻ ചിലങ്ക ജംക്‌ഷനിൽ കാത്തുനിന്നത്. ബസിറങ്ങി നടന്നുവന്ന കവിതയുടെ പിന്നാലെയെത്തിയ അജിൻ, സംഭവ സ്ഥലത്തെത്തിയപ്പോൾ മുന്നിലേക്കു കയറി വഴി തടസപ്പെടുത്തി. കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ടാണ് ആദ്യം ആക്രമിച്ചത്. വയർ പൊത്തി വേദനയോടെ നിന്ന പെൺകുട്ടിയുടെ തലയിലൂടെ പെട്രോളൊഴിച്ചു തീ കൊളുത്തി. മുഖത്തും കഴുത്തിനും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി പിന്നിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാർ ഫ്ലെക്സ് ബോർഡും മറ്റും ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു. തടഞ്ഞുവയ്ക്കപ്പെട്ട അജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഉടൻ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കവിതയെ എത്തിച്ചെങ്കിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി. 9 ദിവസം വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കവിത മാർച്ച് 20നു സന്ധ്യയോടെ മരിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കാനാണു കൈവശം കൂടുതൽ പെട്രോൾ കരുതിയതെന്നു പ്രതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. സംഭവം നടന്ന റെയിൽവേ സ്റ്റേഷൻ റോഡിലെ കടയിലെ സിസിടിവിയിൽ അക്രമദൃശ്യങ്ങൾ പതിഞ്ഞിരുന്നു. 40 സെക്കൻഡുള്ള ദൃശ്യങ്ങൾ പോലീസ് അന്നു തന്നെ പലതവണ പരിശോധിച്ചിരുന്നു. പെട്രോൾ വാങ്ങുന്നതിനാവശ്യമായ പണം പിൻവലിക്കാനായി അജിൻ എടിഎമ്മിൽ കയറുന്നതിന്റെയും തുടർന്നു പമ്പിലെത്തിയതിന്റെയും ദൃശ്യങ്ങളും കണ്ടെത്തി. കത്തിയിലെ ചോരപ്പാടും പെൺകുട്ടിയുടെ മരണമൊഴിയും പ്രധാന തെളിവുകളായി. പട്ടാപ്പകൽ അരങ്ങേറിയ സംഭവമായതിൽ ദൃക്സാക്ഷികളും ഏറെയായിരുന്നു. തിരുവല്ല പൊലീസ് ഇൻസ്പെക്ടറായിരുന്ന പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


















































