പുതുവത്സര രാവിൽ, എന്റെ അന്നത്തെ പങ്കാളിയായിരുന്ന ഡോൺ തോമസ് വിതയത്തിലിന്റെ അമിതമായ മദ്യപാനത്തെയും പുകവലിയെയും മോശം പെരുമാറ്റത്തെയും ചൊല്ലി ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി. ആ തർക്കത്തിനിടയിൽ അയാൾ അക്രമാസക്തനായി. അയാൾ എന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് ഇടിച്ചു, തല തറയിൽ ആഞ്ഞടിച്ചു, വലിച്ചിഴച്ചു, കൂടാതെ എന്റെ കക്ഷത്തും തുടകളിലും കടിച്ചു. അയാൾ ലോഹ വള കൊണ്ട് എന്റെ മുഖത്ത് ശക്തിയായി അടിച്ചു, അടികൊണ്ട എന്റെ മേൽചുണ്ട് കീറിപ്പോയി. എനിക്ക് ഒരുപാട് രക്തം നഷ്ടപ്പെട്ടു…
തന്റെ മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിൽ നിന്നു തനിക്കുണ്ടായ ക്രൂര- ശാരീരിക- മാനസിക പീഡനങ്ങൾ വിവരിച്ച് നടി ജസീല പർവീൺ. താൻ നേരിട്ട അതിക്രമങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാവുകയാണ്. ക്രൂരമായ പീഡനങ്ങൾ നേരിട്ടതിന്റെ ചിത്രങ്ങളടക്കം പങ്കുവച്ചു കൊണ്ടാണ് ജസീലയുടെ പോസ്റ്റ്. മർദനത്തിൽ മുറിഞ്ഞുപോയ ചുണ്ടിന്റെ ചിത്രവും ബെഡിൽ നിറയെ രക്തം ഒഴുകിക്കിടക്കുന്ന ചിത്രവും നടി പങ്കുവച്ചു. പോലീസിന് ഓൺലൈനിലൂടെയും നേരിട്ടും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഡോൺ തോമസ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിന് ശേഷമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് എന്നും ജസീല പറയുന്നു.
ജസീലയുടെ കുറിപ്പ് ഇങ്ങനെ:
എല്ലാവർക്കും നമസ്‌കാരം. എനിക്ക് സംഭവിച്ചതിനെ കുറിച്ച് പ്രധാനപ്പെട്ട ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് സഹതാപത്തിന് വേണ്ടിയല്ല, മറിച്ച് എനിക്ക് നിങ്ങളുടെ പിന്തുണയും മാർഗ നിർദ്ദേദശവും ആവശ്യമുണ്ട്. പുതുവത്സര രാവിൽ, എന്റെ അന്നത്തെ പങ്കാളിയായിരുന്ന ഡോൺ തോമസ് വിതയത്തിലിന്റെ അമിതമായ മദ്യപാനത്തെയും പുകവലിയെയും മോശം പെരുമാറ്റത്തെയും ചൊല്ലി ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി. ആ തർക്കത്തിനിടയിൽ അയാൾ അക്രമാസക്തനായി. അയാൾ എന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് ഇടിച്ചു, തല തറയിൽ ആഞ്ഞടിച്ചു, വലിച്ചിഴച്ചു, കൂടാതെ എന്റെ കക്ഷത്തും തുടകളിലും കടിച്ചു. അയാൾ ലോഹ വള കൊണ്ട് എന്റെ മുഖത്ത് ശക്തിയായി അടിച്ചു, അടികൊണ്ട എന്റെ മേൽചുണ്ട് കീറിപ്പോയി. എനിക്ക് ഒരുപാട് രക്തം നഷ്ടപ്പെട്ടു.
എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാളോട് യാചിച്ചു, പക്ഷേ അയാൾ വിസമ്മതിച്ചു. പോലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ അയാൾ ഫോൺ തട്ടിപ്പറിച്ചു. പിന്നീട്, ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് അയാൾ പറഞ്ഞു. എന്നാൽ ഞങ്ങൾ അവിടെയെത്തിയപ്പോൾ, കോണിപ്പടിയിൽ നിന്ന് വീണതാണെന്ന് ഡോക്ടർമാരോട് കള്ളം പറഞ്ഞു. തുടർന്ന് എന്നെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു, അവിടെ അഡ്മിറ്റ് ചെയ്ത ഞാൻ പിന്നീട് പ്ലാസ്റ്റിക് സർജറിക്ക് വിധേയയായി. അതിനുശേഷവും അയാൾ എന്നെ വേണ്ടവിധം ശ്രദ്ധിച്ചില്ല. അയാളുടെ ഉപദ്രവം തുടർന്നു. വേദനയിൽ, മാനസികമായും ശാരീരികമായും തകർന്ന് ഒറ്റപ്പെട്ടുപോയി. അതുകൊണ്ട് ഞാൻ ഒരു ഓൺലൈൻ പോലീസ് പരാതി നൽകി. മറുപടിയൊന്നും ഉണ്ടായില്ല. ജനുവരി14ന്, ഞാൻ നേരിട്ട് ചെന്ന് പരാതി നൽകി. അപ്പോഴും ഉടനടി നടപടിയുണ്ടായില്ല. അയാൾ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചതിന് ശേഷം മാത്രമാണ് പോലീസ് പരിശോധനയ്ക്ക് വരികയും എഫ്‌ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്തത്. അതിന് ശേഷം കേസ് നടക്കുകയാണ്.
View this post on Instagram
ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചു. പരുക്ക് ഗുരുതരമാണ്. തെളിവുകളും മെഡിക്കൽ രേഖകളും വ്യക്തമാണ്. എന്നാൽ എതിർകക്ഷി, ഞാൻ ഒരിക്കലും സമ്മതിക്കാത്ത ഒരു ഒത്തുതീർപ്പ് നടന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് കേസ് റദ്ദാക്കാനായി ഹൈക്കോടതിയിൽ ഒരു കോഷൻ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്. മാസങ്ങളായി, സമയം ചോദിച്ചുകൊണ്ട് അവർ കേസ് മനഃപൂർവം വൈകിപ്പിക്കുകയാണ്. എനിക്ക് ഇപ്പോൾ ഒരു വക്കീലിനെ വയ്ക്കാൻ സാമ്പത്തികമില്ലാത്തതിനാൽ ഞാൻ ഒറ്റയ്ക്കാണ് കോടതിയിൽ ഹാജരാകുന്നത്. ഇന്നലെ നടന്ന വാദം കേൾക്കുന്നതിനിടയിൽ, എനിക്ക് സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ല. കോടതി മുറിയിൽ ഞാൻ അദൃശ്യയായതുപോലെ എനിക്ക് തോന്നി. ഇതൊരു ചെറിയ തർക്കമല്ല. ഇത് ‘സാധാരണ പരുക്കല്ല. ഇത് ക്രൂരമായ അക്രമമായിരുന്നു.
ഒരു കലാകാരി എന്ന നിലയിൽ, എന്റെ മുഖമാണ് എന്റെ വ്യക്തിത്വം. മാസങ്ങളോളം എനിക്ക് ജോലി ചെയ്യാൻ കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായ ആഘാതം, ചികിത്സ, സാമ്പത്തിക നഷ്ടം, കടുത്ത വിഷാദം എന്നിവയിലൂടെ കടന്നുപോയി. ഇതിനിടയിൽ, ഇത് ചെയ്തയാൾ സീനിയർ അഭിഭാഷകരെ വച്ച് തന്റെ ജീവിതവുമായി മുന്നോട്ട് പോകുകയും നടപടികൾ വൈകിപ്പിക്കുകയും ചെയ്യുന്നു. എനിക്ക് ഒരൊറ്റ കാര്യമേ ആവശ്യപ്പെടാനുള്ളൂ, കേസ് വിചാരണയിലേക്ക് പോകട്ടെ, തെളിവുകൾ സംസാരിക്കട്ടെ, സത്യം പുറത്തുവരട്ടെ. ആവശ്യമെങ്കിൽ കേസ് ഞാൻ തന്നെ വാദിക്കാനും പ്രതിരോധിക്കാനും തയാറാണ്.
എനിക്ക് നീതി മാത്രം മതി. ഇവിടെയുള്ള ഏതെങ്കിലും അഭിഭാഷകർക്ക്, പ്രത്യേകിച്ച് കേസ് റദ്ദാക്കാനുള്ള ഈ കോഷൻ ഹർജി തള്ളിക്കളയുന്നതിനും വിചാരണയുമായി മുന്നോട്ട് പോകുന്നതിനും വേണ്ടിയുള്ള മാർഗ നിർദേശങ്ങൾ നൽകാൻ കഴിയുമെങ്കിൽ, ഞാൻ നന്ദിയുള്ളവളായിരിക്കും. ദയവായി എന്നോടൊപ്പം നിൽക്കുക. എന്റെ ഈ പോരാട്ടം എനിക്ക് വേണ്ടി മാത്രമല്ല, ഈ വ്യവസ്ഥയിൽ നിശബ്ദമാക്കപ്പെടുന്ന ഓരോ ഇരയ്ക്കും വേണ്ടിയാണ്..
ഇത്രയും കാലം ഞാൻ എല്ലാം ഉള്ളിലൊതുക്കി സഹിക്കുകയായിരുന്നു. ഞാൻ എത്രമാത്രം വിഷാദത്തിലായിരുന്നു, എത്രത്തോളം മാനസികാഘാതം നേരിട്ടു എന്ന് പറഞ്ഞറിയിക്കാൻ എനിക്കാവില്ല. ഇന്ന്, ഞാൻ എന്റെ സത്യം വിളിച്ചുപറയാനും, ഈ ലോകത്തെ അറിയിക്കാനും ആഗ്രഹിക്കുന്നു. സംസാരിക്കുന്നത് തെറ്റല്ല. നിശ്ശബ്ദരായി ഇരിക്കാതിരിക്കുന്നത് തെറ്റല്ല. അതിജീവിച്ചവരേ, നിങ്ങളുടെ ശബ്ദത്തിന് മൂല്യമുണ്ട്. ഈ സത്യം നമ്മിൽ ഒരിക്കലും കുഴിച്ചുമൂടപ്പെടരുത്. അതേ, ഞാൻ അതിജീവിച്ചവളാണ്. അതേ, ഞാൻ പോരാടുകയാണ്. ഈ പോരാട്ടത്തിൽ വിജയിക്കാൻ എനിക്ക് നിങ്ങളുടെയെല്ലാം പിന്തുണ ആവശ്യമാണ്. അക്രമത്തിനെതിരെയും, ക്രൂരതക്കെതിരെയും, സ്ത്രീകളുടെ ശബ്ദം അടക്കി നിർത്താമെന്ന് കരുതുന്നവർക്കെതിരെയും പോരാടാൻ. ‘അവൾ ആരാണെന്ന് അവൾ ഓർമിച്ചു, അതോടെ കളി മാറി.’ എല്ലായ്‌പ്പോഴും അലമുറയിടുന്നതല്ല ധൈര്യം. ചിലപ്പോൾ ധൈര്യമെന്നാൽ ‘നാളെ ഞാൻ വീണ്ടും ശ്രമിക്കും’ എന്ന് ദിവസാവസാനം പറയുന്ന ശാന്തമായ ശബ്ദമാണ്. ഞാൻ ഇനി നിശ്ശബ്ദയായിരിക്കില്ല. ഞാൻ നീതിക്കുവേണ്ടി പോരാടും. സത്യത്തിനുവേണ്ടി പോരാടും. എത്ര പ്രയാസപ്പെട്ടാലും ഞാൻ തലയുയർത്തി നിൽക്കും. ദയവായി എന്റെ കൂടെ നിൽക്കുക. എന്നെ പിന്തുണയ്ക്കുക. ഇത് പങ്കുവെക്കുക. അതിജീവിച്ചവരെ വിശ്വസിക്കുക. നമുക്ക് ഒരുമിച്ച് പോരാടാം.
















































