വാഷിങ്ടൺ: ന്യൂയോർക്ക് മേയറായി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ തന്നെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് സൊഹ്‌റാൻ മംദാനി. ഭാവി നമ്മുടെ കയ്യിലാണെന്നും നമ്മൾ ഒരു രാഷ്ട്രീയ രാജവംശത്തെ അട്ടിമറിച്ചെന്നും നന്ദി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി പുതിയ രാഷ്ട്രീയത്തിനായുള്ള ജനവിധി നൽകിയെന്ന് തന്റെ വോട്ടർമാരോട് മംദാനി പറഞ്ഞു. തന്റെ എതിർ സ്ഥാനാർത്ഥിയും മുൻ ഗവർണറുമായ ആൻഡ്രിയോ ക്യൂമോയ്ക്ക് മികച്ച സ്വകാര്യ ജീവിതം ആശംസിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ജനുവരി ഒന്നിന് ന്യൂയോർക്ക് സിറ്റിയുടെ മേയറായി അധികാരമേൽക്കുമെന്നും സൊഹ്‌റാൻ മംദാനി വ്യക്തമാക്കി.
അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയും മംദാനി പ്രതികരിച്ചു. ട്രംപിനെ വളർത്തിയ നഗരം അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കുമെന്ന് രാജ്യത്തെ കാണിച്ചുവെന്ന് മംദാനി പരിഹസിച്ചു. തന്റെ പ്രസംഗം ട്രംപ് കേൾക്കുന്നുണ്ടെന്ന് അറിയാമെന്നും ശബ്ദം കൂട്ടിവെച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു.
സെനഗൽ ടാക്‌സി ഡ്രൈവർമാർ മുതൽ ഉസ്‌ബെക് നഴ്‌സുമാരുൾപ്പെടെയുള്ള, ന്യൂയോർക്ക് നഗരത്തിലെ രാഷ്ട്രീയം പലപ്പോഴും മറന്നുപോയവരുടെ വിജയമായി തന്റെ വിജയത്തെ മംദാനി അവതരിപ്പിച്ചു. ‘നിങ്ങൾ കുടിയേറ്റക്കാരോ, ട്രാൻസ് വ്യക്തിയോ, ഫെഡറൽ ജോലിയിൽ നിന്നും ഡോണൾഡ് ട്രംപ് പറഞ്ഞുവിട്ട കറുത്ത വംശജയായ സ്ത്രീയോ, പല ചരക്ക് സാധനങ്ങളുടെ വില കുറയ്ക്കാൻ കാത്തിരിക്കുന്ന ഒറ്റയ്ക്ക് പോരാടുന്ന അമ്മയോ, ആരും ആകട്ടെ, നിങ്ങളുടെ പോരാട്ടം ഞങ്ങളുടേത് കൂടിയാണ്. ന്യൂയോർക്കിലെ ജൂതർക്കൊപ്പം നിൽക്കുന്നതും സെമിറ്റിക് വിരുദ്ധതയുടെ വിപത്തിനെതിരെ പോരാടുന്നതിൽ പതറാത്തതുമായ ഒരു സിറ്റി ഹാൾ നമ്മൾ നിർമിക്കും’, അദ്ദേഹം ഉറപ്പുനൽകി.
ട്രംപിനെതിരെയുള്ള പ്രതികരണം ഇങ്ങനെ. ട്രംപിനെ വളർത്തിയ നഗരം അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കുമെന്ന് രാജ്യത്തെ കാണിച്ചുതന്നു. എന്റെ പ്രസംഗം ട്രംപ് കേൾക്കുന്നുണ്ടെന്ന് അറിയാമെന്നും ശബ്ദം കൂട്ടിവെച്ചോളൂ. നിങ്ങളോടെനിക്ക് നാല് വർത്തമാനം പറയാനുണ്ട്. ‘ട്രംപിനെ പോലുള്ള ശതകോടീശ്വരൻമാർക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകൾ ചൂഷണം ചെയ്യാനും അനുവദിക്കുന്ന അഴിമതി സംസ്‌കാരം അവസാനിപ്പിക്കും. യൂണിയനുകളുടെ ഒപ്പം ഞങ്ങൾ നിൽക്കും. തൊഴിൽ സംരക്ഷണം വികസിപ്പിക്കും’.
അതേപോലെ തന്റെ പ്രസംഗത്തിൽ സ്വാതന്ത്ര്യലബ്ദിയുടെ തലേന്നാൾ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിന്റെ ഭാഗവും മംദാനി ഉദ്ധരിച്ചു. നിങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോൾ ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകളാണ് ഓർമ വരുന്നതെന്ന് പറഞ്ഞായിരുന്നു മംദാനിയുടെ പ്രസംഗം. ‘പഴയതിൽ നിന്നും പുതിയതിലേക്ക് നാം കാലെടുത്ത് വെക്കുന്ന അപൂർവ്വ ചരിത്രനിമിഷം. ഒരു യുഗം അവസാനിക്കുന്നു. വളരെ കാലമായി അടിച്ചമർത്തപ്പെട്ട ഒരു രാജ്യത്തിന്റെ ആത്മാവ് ശബ്ദിക്കുന്നു. ഇന്ന് രാത്രി നാം പുതിയ യുഗത്തിലേക്ക് കടക്കുന്നു’, മംദാനി പറഞ്ഞു. മുമ്പുള്ളതിനേക്കാൾ നന്നായി ഈ നഗരത്തെ മാറ്റുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. തന്റെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.



















































