തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനെതിരെ വർഗീയ പരാമർശവുമായി ബിജെപി നേതാവ് ലസിത പാലക്കലിന്റെ കുറിപ്പ്. ഇത്തവണത്തെ പുരസ്കാരം ലഭിച്ചവരിൽ മുസ്ലിമായ ചിലരുടെ പേരുകൾ മാത്രം എടുത്തുപറഞ്ഞുകൊണ്ടാണ് ലസിതയുടെ വർഗീയ പരാമർശം. ‘ഇപ്രാവശ്യം മുഴുവൻ ഇക്കാക്കമാർ ആണല്ലോ’ എന്ന് ലസിത പാലക്കൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
ലസിത പാലക്കലിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ – ‘മികച്ച നടി ഷംല ഹംസ. മികച്ച നടൻ മമ്മൂട്ടി. പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ. മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്. മികച്ചം നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ ആണല്ലോ. ഇതാണോ പരാതി ഇല്ലാത്ത അവാർഡ് എന്ന് മന്ത്രി പറഞ്ഞത്, മ്യാമൻ പോട്ടെ മ്യക്കളെ.’
അതേസമയം മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയ വേടനെതിരെയും മുൻപ് ലസിത രംഗത്ത് വന്നിരുന്നു. ‘മഹാരഥന്മാർക്കൊപ്പം കള്ളും കഞ്ചാവും അടിച്ചു പീഡനകേസിൽ പ്രതിയായവനേം ചേർത്തുള്ള പോസ്റ്ററുകൾ… കണ്ണും മനസും ഒരേപോലെ വേദനിക്കുന്നു… ഇതോ സാംസ്‌കാരിക കേരളം??’ എന്നാണ് ലസിത ഫേസ്ബുക്കിൽ കുറിച്ചത്. അവാർഡ് കിട്ടണമെങ്കിൽ ഒരു പീഡനമെങ്കിലും ഉണ്ടായിരിക്കണമെന്നും മറ്റൊരു വീഡിയോയിൽ ഇവർ പറഞ്ഞിരുന്നു.
ഈ വർഷത്തെ സംസ്ഥാന അവാർഡിനെ ചൊല്ലി മറ്റു ചില അഭിപ്രായ വ്യത്യാസങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ ഉയർന്നു വന്നിരുന്നുവെങ്കിലും ഇത്തരത്തിലൊരു വിവാദപരാമർശം ആദ്യമാണ്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ‘ഫെമിനിച്ചി ഫാത്തിമ’യിലെ അഭിനയത്തിലൂടെ ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം നേടി. നിരവധി പുരസ്കാരങ്ങളോടെ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇത്തവണത്തെ ചലച്ചിത്ര അവാർഡിൽ തിളങ്ങി, ഈ ചിത്രത്തിലൂടെ ചിദംബരം മികച്ച സംവിധായകനും തിരക്കഥാകൃത്തുമായി. ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്), അജയൻ ചാലിശ്ശേരി (കലാസംവിധാനം), ശബ്ദരൂപകൽപന, ശബ്ദമിശ്രണം എന്നിവയ്ക്കും ‘മഞ്ഞുമ്മൽ ബോയ്സ്’ പുരസ്കാരം നേടി. അതേസമയം, ലസിത പാലക്കലിന്റെ പരാമർശത്തിന് വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
















































