കോട്ടയം: സിപിഐയിൽ നിന്ന് നേരിട്ട ബുദ്ധിമുട്ടുകൾ പലപ്പോഴും വ്യക്തിപരമായിരുന്നു എന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവച്ച ശ്രീനാദേവി കുഞ്ഞമ്മ. സത്യവിരുദ്ധമായ കാര്യങ്ങൾ തനിക്കെതിരെ പ്രചരിച്ചു. തന്നെ സ്വഭാവഹത്യ ചെയ്യുക എന്നതായിരുന്നു മുൻ ജില്ലാ സെക്രട്ടറി എ.പി.ജയന്റെ ശൈലി. അവിവാഹിതയാണ്, കല്യാണ ആലോചനയുണ്ട്. അതിനെ വരെ മോശമായി ബാധിക്കുന്ന തരത്തിൽ തനിക്കെതിരെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് എ.പി. ജയൻ പ്രചാരണം നടത്തി. ഞാൻ അത്തരക്കാരിയല്ല. അതിനെ തുടർന്നാണ് ജയന് എതിരെ പരാതിയുമായി നീങ്ങിയത്. പലതും വെളിപ്പെടുത്താനുണ്ട്. വാർത്താസമ്മേളനം വിളിച്ച് എല്ലാം തുറന്നുപറയും. കുടുംബത്തെ വരെ അനാവശ്യമായി പലതിലോട്ടും വലിച്ചിഴച്ചു. ബിനോയ് വിശ്വം പലപ്പോഴും നിസഹായനായിരുന്നു. ഒരു പ്ലാറ്റ്ഫോം വേണം. പക്ഷേ എങ്ങോട്ടേക്ക് പോകണമെന്ന് തീരുമാനിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഉൾപ്പെടെ തനിക്ക് വ്യക്തമായ നിലപാടുണ്ട്. ആ വ്യക്തമായ നിലപാടുകൾ നാല് ദിവസത്തിനകം വിശദമായി പറയുമെന്നും ശ്രീനാദേവി പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയ നാൾ മുതൽ പാർട്ടിയിൽ നിന്ന് ഏറെ ബുദ്ധിമുട്ടുകൾ ഞാൻ നേരിട്ടിരുന്നു. പ്രത്യേകിച്ച് മുൻ ജില്ലാ സെക്രട്ടറി എ.പി.ജയനിൽ നിന്നാണ് ബുദ്ധിമുട്ടുകൾ നേരിട്ടത്. ബുദ്ധിമുട്ടുകൾ പിന്നീട് വ്യക്തിപരമായി ബുദ്ധിമുട്ടുകളായി. അങ്ങനെ വ്യക്തിപരമായി ഒരു പരാതി ഞാൻ പാർട്ടിയ്ക്ക് നൽകി. അതിനൊപ്പം അദ്ദേഹത്തിന്റെ ഫാം ഹൗസുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയെ കുറിച്ചും പരാതി നൽകി. പാർട്ടി അന്വേഷണ കമ്മിഷൻ വച്ച് അന്വേഷിക്കുകയും പരാതിയിൽ അയാൾ തെറ്റുകാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. അയാൾക്കെതിരെ പാർട്ടി നടപടിയുണ്ടായി. 2023 ഡിസംബറിൽ അവസാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എനിക്ക് തരണമെന്ന് പാർട്ടി തീരുമാനമുണ്ടായിരുന്നു. പരാതിയെ തുടർന്ന് എനിക്ക് ആ പദവി നഷ്ടപ്പെട്ടു. എ.പി. ജയനെതിരെ പരാതി നൽകിയ ശേഷം ഫെയ്സ്ബുക്കിലും യൂട്യൂബിലും എനിക്കെതിരെ പെയ്ഡ് വിഡിയോസ് വരാൻ തുടങ്ങി. തീർത്തും സത്യവിരുദ്ധമായ കാര്യങ്ങളാണ് എനിക്ക് എതിരെ പ്രചരിപ്പിച്ചത്. എന്നെ സ്വഭാവഹത്യ ചെയ്യുക എന്നതായിരുന്നു ജയന്റെ ശൈലി. അവിവാഹിതയാണ്, കല്യാണ ആലോചനയുണ്ട്. അതിനെ വരെ മോശമായി ബാധിക്കുന്ന തരത്തിൽ എനിക്കെതിരെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് എ.പി. ജയൻ പ്രചാരണം നടത്തി. ഞാൻ അത്തരക്കാരിയല്ല. അതിനെ തുടർന്നാണ് ഞാൻ പരാതിയുമായി നീങ്ങിയത്.
















































