തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേത്തന്നെ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. നേമം ഷജീർ ഉൾപ്പെടെ 15 പേരുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേത്തന്നെ 63 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.
അതേസമയം ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 48 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇനി 23 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് രണ്ടും കൽപ്പിച്ചാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. 100 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ പത്ത് അംഗങ്ങളാണ് യുഡിഎഫിനുള്ളത്. മത്സരം ബിജെപി-സിപിഎം പോരാട്ടമായി ചുരുങ്ങാതിരിക്കാനും എന്തുവിലകൊടുത്തും കോർപ്പറേഷൻ പിടിച്ചെടുക്കാനുമുള്ള തയാറെടുപ്പിലാണ് കോൺഗ്രസ്.















































