മുംബൈ: ഏകദിന വനിതാ ലോകകപ്പ് കിരീടമെന്ന ലക്ഷ്യവുമായി ഇരു ടീമുകളും ഇന്നു കളത്തിലിറങ്ങുമ്പോൾ വിജയികളെ കാത്തിരിക്കുന്നത് കോടികൾ. ലോകകപ്പ് വിജയിക്കുന്ന ടീമിന് 4.48 മില്യൻ യുഎസ് ഡോളറാണ് (ഇന്ത്യൻ രൂപയിൽ ഏകദേശം 39.78 കോടി) സമ്മാനമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നൽകുന്നത്. പുരുഷ, വനിതാ ക്രിക്കറ്റ് ലോകകപ്പുകളിൽ ഇതുവരെ നൽകിയിട്ടുള്ളതിൽ ഏറ്റവും വലിയ തുകയാണിത്. ഇന്നു വൈകിട്ട് മൂന്നു മണി മുതലാണ് നവി മുംബൈയിൽ ഇന്ത്യ– ദക്ഷിണാഫ്രിക്ക കലാശപ്പോരാട്ടം.
അതേസമയം ഏകദേശം 123 കോടി രൂപയാണ് 2025 വനിതാ ലോകകപ്പിൽ സമ്മാനത്തുകയായി മാത്രം ഐസിസി വിവിധ ടീമുകൾക്കു നൽകുന്നത്. 2022 ലെ ലോകകപ്പിനേക്കാളും 297 ശതമാനം കൂടുതലാണ് ഇത്. പാർട്ടിസിപ്പേഷൻ പ്രൈസും, ലീഗ് ഘട്ടത്തിലെ വിജയത്തിന്റെ പാരിതോഷികങ്ങളും ചേർത്ത് 3.1 കോടി രൂപ ഇപ്പോൾ തന്നെ ഇന്ത്യൻ ടീം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് ജയിച്ചാൽ, ഈ തുക കൂടി ചേർത്ത് 42 കോടി ലഭിക്കും.
കൂടാതെ ലോകകപ്പ് വിജയിച്ചാൽ ബിസിസിഐയും ഇന്ത്യൻ ടീമിനു വൻ തുക പ്രഖ്യാപിച്ചേക്കും. 2024 ൽ ഇന്ത്യൻ പുരുഷ ടീം ട്വന്റി20 ലോകകപ്പ് വിജയിച്ചപ്പോൾ രോഹിത് ശർമയ്ക്കും സംഘത്തിനും 125 കോടി രൂപയാണ് ബിസിസിഐ സമ്മാനിച്ചത്. വനിതാ താരങ്ങൾക്കും സമാനമായ തുക തന്നെ നൽകാനാണു സാധ്യത.
















































