കൊച്ചി: അർജൻറീന ഫുട്ബോൾ ടീമും നായകൻ ലയണൽ മെസിയും സംഘവും അടുത്ത മാസം കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരണം. മത്സരം നടത്താൻ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്പോൺസർമാരിലൊരാളായ ആന്റോ അഗസ്റ്റിൻ സമൂഹ മാധ്യമത്തിലൂടെ സമ്മതിച്ചു. ലോകകപ്പ് വിജയിച്ച അർജന്റീന ടീം നവംബറിൽ കൊച്ചി ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിൽ കളിക്കുമെന്നായിരുന്നു തുടക്കം മുതലുള്ള പ്രഖ്യാപനം.
എന്നാൽ ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവയ്ക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതായി ആന്റോ അഗസ്റ്റിൻ പ്രതികരിച്ചു. അടുത്ത വിൻഡോയിൽ അർജന്റീന കേരളത്തിൽ വരുമെന്നും ഇക്കാര്യം ഉടൻ പ്രഖ്യാപിക്കുമെന്നും ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി.
മാത്രമല്ല നവംബറിൽ അംഗോളയിൽ മാത്രമാണ് അർജന്റീന സൗഹൃദ മത്സരം കളിക്കുകയെന്ന് അർജന്റീന മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അർജന്റീനയുടെ എതിരാളികളാകാൻ പരിഗണിച്ച ഓസ്ട്രേലിയയും കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മത്സരത്തിനായി കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ തുടങ്ങിയിരുന്നെങ്കിലും കൃത്യ സമയത്ത് തീർക്കാൻ സാധിച്ചിട്ടില്ല.















































