തിരുവനന്തപുരം: സിപിഐയുടെ എതിർപ്പിനെ മറികടന്നു കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’യിൽ ഒപ്പുവച്ച് സംസ്ഥാന സർക്കാർ. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകിയാണ് ഡൽഹിയിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഇതോടെ ധാരണാപത്രത്തിൽ ഒപ്പിടാത്തതിനാൽ തടഞ്ഞുവച്ചിരുന്ന 1500 കോടിരൂപയുടെ കേന്ദ്രഫണ്ട് കേരളത്തിനു ലഭിക്കും. അതേസമയം എൽഡിഎഫോ മന്ത്രിസഭയോ ചർച്ച ചെയ്യാത്ത വിഷയം സ്വന്തംനിലയ്ക്കു നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചതിനെതിരെ മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ വിയോജിപ്പ് അറിയിച്ചിരുന്നു. വാർത്ത സത്യമാണെങ്കിൽ അത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മ പ്രതികരിച്ചു. ഇന്നു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുതൽ പദ്ധതിയുടെ ഭാഗമായാൽ കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ രാഷ്ട്രീയ സമീപനം ഇല്ലാതാകുമോ എന്ന് ആശങ്കയുണ്ടെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. എന്നാൽ, സിപിഐ ഭരിക്കുന്ന കൃഷിവകുപ്പ് അടക്കം കേന്ദ്ര ബ്രാൻഡിങ്ങിനു വഴങ്ങി ഫണ്ട് വാങ്ങിയെന്ന ന്യായമാണ് സിപിഎം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടി ഉന്നയിച്ചത്. ഒരിക്കൽ മന്ത്രിസഭയിലെത്തിയ പിഎം ശ്രീ വിഷയം സിപിഐ മന്ത്രിമാർ എതിർത്തതോടെയാണു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എൽഡിഎഫിൽ ചർച്ച ചെയ്യാനായി മാറ്റിവച്ചത്. ഇത്തരം സാഹചര്യങ്ങളിൽ, എൽഡിഎഫിൽ ചർച്ച ചെയ്തശേഷം വീണ്ടും മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കുകയാണു പതിവ്. എന്നാൽ, ഈ രണ്ടു നടപടികളും ഒഴിവാക്കി കേന്ദ്രത്തിനു വഴങ്ങാൻ വിദ്യാഭ്യാസ വകുപ്പു തീരുമാനിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
മുൻപ് എതിർത്ത് മൂന്നു വർഷമായി തുടരുന്ന എതിർപ്പ് മാറ്റിവച്ചാണ് കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ (പ്രധാൻ മന്ത്രി സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ) നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നതെന്നത് മറ്റൊരു വസ്തുത. പദ്ധതിയിൽ ചേർന്നാൽ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നതായിരുന്നു കേരളം അടക്കം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിർപ്പിനു മുഖ്യ കാരണം. കേരളം, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഒഴികെ 33 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. പദ്ധതിയിൽ സംസ്ഥാനം ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് വിഹിതം അനുവദിക്കാതെ കേന്ദ്രം സാമ്പത്തിക ഉപരോധം കടുപ്പിച്ചതോടെയാണു കേരളം വഴങ്ങിയത്.
അതേസമയം രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്താകെ 14,500 പിഎം ശ്രീ വിദ്യാലയങ്ങളുടെ വികസനമാണ് വിഭാവനം ചെയ്യുന്നത്. 27,360 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 18,128 കോടി കേന്ദ്രവിഹിതവും 9,232 കോടി സംസ്ഥാനങ്ങളുടെ വിഹിതവുമാണ്. ഒരു ബ്ലോക്ക് റിസോഴ്‌സ് സെന്ററിനു (ബിആർസി) കീഴിൽ പരമാവധി 2 സ്‌കൂളുകൾക്കാണ് (ഒരു പ്രൈമറി സ്‌കൂളും ഒരു സെക്കൻഡറി സ്‌കൂളും) പദ്ധതിയിൽ ഇടം ലഭിക്കുക. കേരളം പദ്ധതിയിൽ പങ്കാളിയായാൽ ഗുണം ലഭിക്കുക 168 ബിആർസികളിലായി പരമാവധി 336 സ്‌കൂളുകൾക്കാണ്. ഈ സ്‌കൂളുകൾക്കു പ്രതിവർഷം 85 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിവിധ പദ്ധതികൾക്കു ലഭിക്കും. ഇതിൽ 60% കേന്ദ്രവിഹിതവും 40% സംസ്ഥാനവിഹിതവുമാണ് വരിക.

















































