“ശബരിമല സ്വർണ്ണമല്ല രാജ്യത്ത് ഏറ്റവും പ്രധാന പ്രശ്നം, സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ വേറെയുണ്ട്” എന്നാണ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നുമുതലാണ് വെള്ളാപ്പള്ളി നടേശൻ രാജ്യത്തെ നീറുന്ന പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയത്? കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ നിരന്തരം വർഗീയ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനാണ് ഇന്ന് സാരോപദേശം നൽകുന്നത്. എന്തൊക്കെയാണ് ഈ രാജ്യത്തെ സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ? അവസാനമായി എപ്പോഴാണ് അത്തരം ഒരു വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ ശക്തമായ നിലപാട് സ്വീകരിച്ചത്? പോലീസ് അതിക്രമങ്ങൾ, തൊഴിലില്ലായ്മ, ആശാവർക്കർമാരുടെ സമരം, അഴിമതി വാർത്തകൾ തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന പല പ്രശ്നങ്ങളും നമുക്ക് ചുറ്റും നടന്നപ്പോൾ എപ്പോഴെങ്കിലും വെള്ളാപ്പള്ളി നടേശൻ ശക്തമായ ഒരു നിലപാട് സ്വീകരിക്കുന്നത് കേരള സമൂഹം കണ്ടിട്ടുണ്ടോ? പിന്നെ ഇപ്പോൾ എന്തിനുവേണ്ടിയാണ് ഈ തരത്തിൽ സിനിമ ഡയലോഗിന് തോൽപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നത്?
ശബരിമലയിലെ സ്വർണ്ണം ഈ നാട്ടിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ വിഷയം തന്നെയാണ്. അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ശിക്ഷിക്കപ്പെടണം എന്ന് പ്രതിപക്ഷം പറയുന്നതിൽ എന്ത് രാഷ്ട്രീയമാണ് വെള്ളാപ്പള്ളി നടേശന് കാണാനാകുന്നത്? ശബരിമലയിലെ സ്വർണ്ണം ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം വലിയ വിഷയം തന്നെയാണ്, വെള്ളാപ്പള്ളി നടേനെ പോലെ പിണറായി ഭക്തി ഉള്ളിൽ കൊണ്ടുനടക്കുന്ന ആൾക്ക് ഒരുപക്ഷേ അത് മനസ്സിലായിക്കൊള്ളണമെന്നില്ല. മുഖ്യമന്ത്രിയുടെ കാറിൽ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനായി എത്തിയ വെള്ളാപ്പള്ളിയുടെ ഒരു ചോദ്യം ചോദിച്ചോട്ടെ, താങ്കൾ എന്തിനാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായത് ? രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന നീറുന്ന വിഷയങ്ങളിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുതൽ ഡൽഹിയിൽ വരെ ഒട്ടനവധി സമരങ്ങൾ നടക്കുന്നുണ്ടല്ലോ. എന്തുകൊണ്ടാണ് ആ സമരങ്ങളുടെ ഭാഗമാകാതിരുന്നത്? താങ്കൾ വ്യാകുലപ്പെടുന്നത് ഈ രാജ്യത്തെ സാധാരണക്കാരെ ഓർത്താണോ, അതോ മുഖ്യമന്ത്രി പിണറായി വിജയന് ആ കസേര നഷ്ടമാകുമെന്ന് ഓർത്താണോ ? ഇതിനുള്ള ഉത്തരം കേരളത്തിലെ പൊതുജനത്തിന് ഇതിനോടകം മനസ്സിലായി കഴിഞ്ഞിട്ടുണ്ട് ശ്രീ വെള്ളാപ്പള്ളി നടേശൻ.
ശബരിമല രാഷ്ട്രീയ ആയുധമാക്കുന്നവരെ തിരിച്ചറിയാനുള്ള ശേഷി മലയാളിക്കുണ്ട് എന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. ശബരിമലയിൽ നിന്ന് സ്വർണ്ണം കളവ് പോയിട്ടും ആരെയൊക്കെയോ സംരക്ഷിക്കുവാൻ വേണ്ടി ഇത്തരം വാദഗതികൾ ഉയർത്തുന്ന വെള്ളാപ്പള്ളി നടേശനെ മലയാളി പണ്ടേ തിരിച്ചറിഞ്ഞതാണ്. വെള്ളാപ്പള്ളി നടേശൻ പ്രതിസന്ധിയിൽ ആകുമ്പോൾ സിപിഎം നേതാക്കൾ സംരക്ഷിക്കാൻ എത്തും, സർക്കാറോ, സിപിഎമ്മോ പ്രതിരോധത്തിൽ ആകുമ്പോൾ വെള്ളാപ്പള്ളി നടേശൻ സംരക്ഷണ കവചവുമായ എത്തുമെന്നതാണ് നിലവിലെ സ്ഥിതി. പരസ്പരം ധാരണകൾ ഉണ്ടാക്കി ഇരുകൂട്ടർക്കും മുന്നോട്ടു പോകാം, എന്നാൽ ഈ ധാരണകൾ ഒക്കെയും കാണുകയും കേൾക്കുകയും ചെയ്യുന്ന പൊതുജനം എന്ന ഒരു കൂട്ടർ ഇവിടെയുണ്ടെന്ന് ദയവായി മറന്നുപോകരുത്.
വെള്ളാപ്പള്ളി നടേശൻ സർക്കാരിനെ സംരക്ഷിക്കാനായി പറഞ്ഞുകൂട്ടുന്ന കാര്യങ്ങൾ പലപ്പോഴും യുക്തിക്ക് നിരക്കുന്നത് പോലുമല്ല. എല്ലാ ദേവസ്വം ബോർഡുകളിലും അഴിമതി നടക്കുന്നുണ്ട്, ദേവസ്വം ബോർഡുകൾ പിരിച്ചു വിടണം എന്നു പറയുന്ന വെള്ളാപ്പള്ളി നടേശൻ തന്നെയാണ് വാസവൻ നല്ല മന്ത്രി ആണെന്ന് സാക്ഷ്യപ്പെടുത്തുന്നതും. ദേവസ്വം ബോർഡുകൾ മുഴുവൻ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെങ്കിൽ പിന്നെങ്ങനെയാണ് ദേവസ്വം വകുപ്പ് മന്ത്രി നല്ല മന്ത്രി ആകുന്നത് എന്ന് ദയവായി വെള്ളാപ്പള്ളി നടേശൻ തന്നെ വ്യക്തമാക്കണം. ഉപ്പ് തിന്നവർ വെള്ളം കുടിക്കണം എന്ന് വെള്ളാപ്പള്ളി നടേശൻ ആത്മാർത്ഥമായാണ് പറയുന്നതെങ്കിൽ എന്തിനാണ് പ്രതിപക്ഷം ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ നടത്തുന്ന സമരങ്ങളെ വെള്ളാപ്പള്ളി തള്ളിപ്പറയുന്നത് ? സത്യങ്ങൾ പുറത്തു വരാനും ഉപ്പു തിന്നവരെക്കൊണ്ട് വെള്ളം കുടിപ്പിക്കാനും വേണ്ടി തന്നെയാണല്ലോ പ്രതിപക്ഷവും സമരം ചെയ്യുന്നത്. ഇത്തരത്തിൽ പരസ്പര വിരുദ്ധമായ നിലപാടുകൾ വെള്ളാപ്പള്ളി സ്വീകരിക്കുന്നത് ബോധപൂർവ്വമാണ്, സർക്കാരിനെയും സിപിഎമ്മിനെയും സംരക്ഷിക്കാൻ വേണ്ടി തന്നെയാണ് ഇത്തരത്തിൽ വെള്ളാപ്പള്ളി അഭിപ്രായങ്ങൾ പറയുന്നത്.
‘പിണറായി വിജയൻ ഭക്തനാണ് അടുത്ത തവണയും മുഖ്യമന്ത്രിയാകും വേറെ ആരായിട്ടും കാര്യമില്ല’ എന്ന് ആഴ്ചകൾക്ക് മുന്നേ മാധ്യമങ്ങളോട് പറഞ്ഞ വെള്ളാപ്പള്ളി നടേശനിൽ നിന്നും മറ്റൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. കേരളത്തിന്റെ ചരിത്രത്തിൽ ഒരു സാമുദായക നേതാവും പറയാത്തത്ര വർഗീയ പരാമർശങ്ങൾ പറഞ്ഞ ആളാണ് വെള്ളാപ്പള്ളി നടേശൻ. എന്നിട്ടും അയാളെ ചേർത്തുപിടിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയിൽ നിന്നും, സർക്കാരിൽ നിന്നും, സിപിഎമ്മിൽ നിന്നും നാം കണ്ടിട്ടുള്ളത്. വെള്ളാപ്പള്ളി നടേശന് സർക്കാരിൽ നിന്ന് കിട്ടുന്ന ഈ ഇമ്മ്യൂണിറ്റി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്? വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കു പിന്നിൽ മുഖ്യമന്ത്രിയാണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നതും ഈ സാഹചര്യങ്ങളൊക്കെ കൊണ്ട് തന്നെയാണ്. പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും പരസ്പരം പുകഴ്ത്തിയും സംരക്ഷിച്ചും ന്യായീകരിച്ചുമാണ് മുന്നോട്ടു പോവുകയാണ്.
‘ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ നമ്മളും നടപ്പിലാക്കണം. എൻഇപി മറ്റെല്ലാവരും നടപ്പാക്കുമ്പോൾ കേരളം മാത്രം എന്തിന് മാറി നിൽക്കണം? കാവി വൽക്കരണം എന്ന് പറഞ്ഞ് എതിർത്തിട്ട് കാവി എവിടെ വരെ എത്തി? പത്തുകൊല്ലമായി രാജ്യം ഭരിക്കുന്നില്ലേ’ എന്നു പ്രസംഗിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയത്തെ നിഷ്കളങ്കമായി നാം സമീപിക്കാൻ പാടില്ല. പ്രതിപക്ഷത്തിന്റെയും ഇടതുപക്ഷ മുന്നണിയിലെ സഖ്യകക്ഷികളുടെയും എതിർപ്പിന് മറികടന്ന് പിഎംശ്രീ നടപ്പാക്കാനായി സർക്കാർ തീരുമാനിക്കുമ്പോൾ ആണ് വെള്ളാപ്പള്ളി നടേശനിൽ നിന്ന് ഇത്തരം ഒരു അഭിപ്രായം ഉണ്ടാകുന്നത്. ഇന്നലെകളിലെ നിലപാടുകളിൽ നിന്ന് മലക്കം മറിഞ്ഞ് പിഎംശ്രീ നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ അതിൽ വെള്ളാപ്പള്ളി നടേശന്റെ സ്വാധീനത്തിനും പങ്കുണ്ടോ എന്ന സംശയമാണ് ഇവയെല്ലാം ബാക്കി വയ്ക്കുന്നത്. വെള്ളാപ്പള്ളിയുടെ മകനും അയാളുടെ പാർട്ടിയും എൻഡിഎ മുന്നണിയുടെ ഭാഗമാണ്, മറുവശത്ത് വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ കയറി സഞ്ചരിക്കാൻ കഴിയും വിധം ഇടതുപക്ഷത്തിൽ സ്വാധീനമുള്ള ആളും. കേരള രാഷ്ട്രീയത്തിൽ വെള്ളാപ്പള്ളി നടേശന്റെ റോൾ എന്താണ്? വിമർശകർ പറയുന്നതുപോലെ സിപിഎം ബിജെപി അന്തർധാരയുടെ മധ്യസ്ഥൻ വെള്ളാപ്പള്ളി നടേശനാണോ? അതോ അധികാരമുള്ളവരെ പ്രീണിപ്പിച്ച് നേടിയെടുക്കാൻ ഉള്ളതെല്ലാം നേടിയെടുക്കുന്ന കുശാഗ്ര ബുദ്ധിക്കാരാനോ? ഇവ രണ്ടിൽ ഏതാണെങ്കിലും അത് കേരളത്തിനോ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിനോ ദോഷം അല്ലാതെ മറ്റൊന്നും സമ്മാനിക്കുകയില്ല.
എസ്എൻഡിപി യോഗം എന്ന മഹത്തായ സംഘടനയുടെ തലപ്പത്തിരുന്നുകൊണ്ട് വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നതും പ്രവർത്തിക്കുന്നതും ആ സംഘടനയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന കാര്യങ്ങളാണ്. വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശങ്ങളിൽ സർക്കാർ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമായി ആണോ ശബരിമല വിഷയത്തിൽ വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തെ നോക്കി കാണേണ്ടത്? ദേശീയ വിദ്യാഭ്യാസ നയത്തെ പൊക്കി പറയുന്ന, കാവിവൽക്കരണത്തെ നിസ്സാരവൽക്കരിക്കുന്ന വെള്ളാപ്പള്ളി നടേശനെ സ്വന്തം കാറിൽ കയറ്റി കൊണ്ടുപോകുന്ന മുഖ്യമന്ത്രി നൽകുന്ന സന്ദേശം എന്താണ് ? ശബരിമലയിലെ സ്വർണ്ണക്കൊള്ള മുതൽ ദേശീയ വിദ്യാഭ്യാസ നയത്തിൽ വരെ വെള്ളാപ്പള്ളി നടേശൻ സ്വീകരിക്കുന്ന നിലപാടുകൾ രാഷ്ട്രീയ കേരളം ചോദ്യം ചെയ്യേണ്ടതും വിമർശിക്കേണ്ടതും ആണെന്ന് നിസംശയം പറയാം.

















































