ഒരിക്കൽ കൈക്കൊണ്ട നിലപാടുകളെ പാടെ വിഴുങ്ങി സംസ്ഥാനത്ത് പിഎംശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ അവസരവാദം എന്നല്ല ബിജെപിയുമായുള്ള സിപിഎമ്മിന്റെ അന്തർധാര എന്നാണ് പ്രതിപക്ഷം വിളിക്കുന്നത്. ഈ വിഷയത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ സിപിഐ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുമ്പോൾ അതിനെ പോലും മറികടന്നാണ് പദ്ധതിയുമായി സഹകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾക്ക് കിട്ടേണ്ട ഫണ്ടാണ് ഇതെന്നും, വെറുതെ 1466 കോടി രൂപ കളയേണ്ടതില്ലെന്നും ആണ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടിയുടെ നിലപാടിന് സമാനമാണ് മറ്റു മന്ത്രിമാരുടെയും, സിപിഎം നേതാക്കളുടെയും അഭിപ്രായങ്ങൾ. എന്നാൽ സിപിഎമ്മിന്റെ ഈ കപട വിശദീകരണത്തെ സിപിഐയുടെ മുഖപത്രം തന്നെ പൊളിക്കുന്നുണ്ട്, കേരളത്തിന് അർഹമായ വിദ്യാഭ്യാസ വിഹിതം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയുമാണ് ഈ ഘട്ടത്തിൽ വേണ്ടത്. അല്ലാതെ ആർ.എസ്.എസിന്റെ തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാടും നയവും ബലികഴിക്കുകയല്ല വേണ്ടത് എന്നാണ് സിപിഐയുടെ മുഖപത്രത്തിൽ പിഎംശ്രീ സംബന്ധിച്ച ലേഖനത്തിൽ എഴുതിയിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിനോട് കേരളത്തിന്റെ ജനാധിപത്യ മനസിനും പറയാനുള്ളത് ഇതേ കാര്യം തന്നെയാണ്: കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അർഹമായ ഫണ്ട് വിഹിതം നിഷേധിക്കുന്നുണ്ടെങ്കിൽ അത് നേടിയെടുക്കാനുള്ള വഴി അവർ മുന്നോട്ട് വയ്ക്കുന്ന വലതുപക്ഷ പ്രൊപ്പഗാണ്ടകൾ ഒളിപ്പിച്ച പദ്ധതി നടപ്പാക്കി കൊണ്ടാവരുത്.
കേന്ദ്രസർക്കാർ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണ്. വെറുതെ 1466 കോടി രൂപ കളയേണ്ട കാര്യമില്ല. കൃഷി വകുപ്പും ആരോഗ്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമൊക്കെ കേന്ദ്ര ഫണ്ടുകൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുമ്പോൾ മറു ചോദ്യമായി ചോദിക്കുവാനുള്ള താങ്കൾ പറയുന്നതുപോലെ ലളിതമായ വിഷയമാണോ ഇത് എന്നാണ്. കൃഷി വകുപ്പും ആരോഗ്യ വകുപ്പും കേന്ദ്ര ഫണ്ടുകൾ സ്വീകരിക്കുന്നത് സമാനമാണോ ഇത് ? ഇപ്പോൾ പിഎംശ്രീയുടെ ഭാഗമായി കഴിഞ്ഞാൽ ഭാവിയിൽ കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനം സ്വീകരിക്കേണ്ടി വരുമെന്നത് ആർക്കാണ് അറിഞ്ഞുകൂടാത്തത്! സിപിഎമ്മിന്റെ സഖ്യകക്ഷിയായ സിപിഐയും ഇതു കൊണ്ടാണല്ലോ പിഎംശ്രീയുടെ ഭാഗമാകാൻ ഉള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ ശക്തിയുക്തം എതിർക്കുന്നത്. അല്ലാതെ കേരളത്തിന് ഒരു വിദ്യാഭ്യാസമുണ്ട് അതിൽ മാറ്റം വരില്ലെന്ന് മന്ത്രി പറയുമ്പോൾ അത് എന്തിന്റെ അടിസ്ഥാനത്തിലാണ് കേരളം വിശ്വസിക്കേണ്ടത്? യാഥാർത്ഥ്യം അങ്ങനെ അല്ല എന്ന് വിളിച്ചു പറയുന്നവരിൽ നിങ്ങളുടെ തന്നെ സഖ്യകക്ഷി ഉണ്ടെന്ന് സിപിഎം നേതാക്കൾ മറന്നുപോകരുത്.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഒഴിവാക്കാൻ കെല്പില്ലാതെയിരുന്ന സംസ്ഥാന സർക്കാർ പിഎംശ്രീയുമായി സഹകരിക്കുമ്പോൾ തന്നെ കേന്ദ്ര വിദ്യാഭ്യാസ നയത്തെ എതിർക്കും എന്നൊക്കെ പറയുന്നതിനെ തമാശ ആയി മാത്രമേ നോക്കി കാണാൻ കഴിയുന്നുള്ളൂ. സംസ്ഥാനത്തിന് അർഹമായ തുക ഒരു ചില്ലി പൈസ കുറയാതെ പ്രതിഷേധങ്ങളുടെ നേടിയെടുക്കാനുള്ള വഴിയാണ് സംസ്ഥാന സർക്കാർ നോക്കേണ്ടത്, അല്ലാതെ പിഎംശ്രീയുമായി സഹകരിക്കുകയല്ല. ഇന്നലെകളിൽ സ്വീകരിച്ച നിലപാടിൽ നിന്ന് യൂടേൺ അടിച്ചുകൊണ്ട് പിഎംശ്രീയുമായി സംസ്ഥാന സർക്കാർ കൈ കൊടുക്കാൻ ഒരുങ്ങുമ്പോൾ അതിനു പിന്നിൽ സിപിഎം ബിജെപി അന്തർധാരയാണ് എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളിക്കളയാൻ പൊതുജനത്തിന് കഴിയുകയില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പിഎംശ്രീയിൽ സഹകരിക്കുകയും എന്നാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ല എന്നുമുള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വിശദീകരണങ്ങൾ യുക്തി സഹമാണോ എന്ന് അദ്ദേഹം തന്നെ സ്വയം പരിശോധിക്കണം. പൊതുജനമോ, പ്രതിപക്ഷമോ പറയുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കണം എന്നു പറയുന്നില്ല, എന്നാൽ നിങ്ങളുടെ മന്ത്രിസഭയിൽ അംഗമായ സിപിഐയുടെ വിമർശനങ്ങളെ എങ്കിലും സിപിഎം പരിഗണിക്കേണ്ടതുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം സ്വീകരിക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ കോടതിയിൽ നൽകിയ പൊതു താൽപര്യ ഹർജിയോട് ഈ രാജ്യത്തെ നീതിപീഠം പ്രതികരിച്ചത് ദേശീയ വിദ്യാഭ്യാസ നയം സ്വീകരിക്കാനായി സംസ്ഥാനങ്ങളെ നിർബന്ധിക്കാൻ ആകില്ല, അത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണ് എന്നാണ്. അതായത് ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്നും മാറി നിൽക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അവകാശമുണ്ട് എന്ന് ഈ രാജ്യത്തെ നിയമവ്യവസ്ഥ തന്നെ വ്യക്തമാക്കിയിട്ടുള്ളപ്പോൾ പിന്നെന്തിനാണ് ഇത്തരത്തിൽ ഒരു നയം സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്? ദയവായി ആ 1500 കോടിയുടെ കണക്കു പറയരുത്. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തുടനീളം നടപ്പിലാക്കപ്പെട്ടാൽ സംഭവിക്കാൻ പോകുന്ന പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ സിപിഎമ്മിന്റെ തന്നെ മുൻകാലങ്ങളിലെ നിലപാടുകളും സമീപനങ്ങളും പരിശോധിച്ചാൽ മതിയാകും. ദേശീയ വിദ്യാഭ്യാസ നയത്തെ നഖശികാന്തം എതിർത്തവർ ഇന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പിഎംശ്രീയുമായി കൈ കൊടുക്കുമ്പോൾ അതിനെ കോൺഗ്രസ് ‘അന്തർധാര’ എന്നു വിളിക്കുന്നതിൽ തെറ്റുപറയാൻ കഴിയുമോ ?
ദേശീയ വിദ്യാഭ്യാസ നയം രാജ്യത്താകമാനം നടപ്പാക്കിയാൽ അത് ഈ രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതെയാക്കും എന്നും, ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രസർക്കാർ പാഠ്യപദ്ധതിയെ വർഗീയ വൽക്കരിക്കുമെന്നും പ്രസംഗിച്ച സിപിഎം നേതാക്കൾ തന്നെയാണ് ഇന്ന് പിഎംശ്രീയുടെ ഭാഗമാകുന്നതിനെ ന്യായീകരിക്കുന്നത്. കെഎസ്‌യുവും എ.ഐ.എസ്.എഫും സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോൾ എസ്എഫ്ഐയിൽ നിന്നും അങ്ങനെയൊന്ന് കാണാൻ കൂടി കഴിയുന്നില്ല. ദേശീയ വിദ്യാഭ്യാസ നയം പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്ന് മുദ്രാവാക്യം വിളിച്ചവർ ഇന്ന് മലക്കമറിയുമ്പോൾ അത് പ്രതിപക്ഷം ആരോപിക്കുന്നത് പോലെ അന്തർധാര അല്ലെങ്കിൽ മറ്റെന്താണ്? 1500 കോടിയോളം വരുന്ന കേന്ദ്രവിഹിതം നഷ്ടമാവാതിരിക്കാനാണ് ബിജെപിയുടെ രാഷ്ട്രീയ നയത്തിനൊപ്പം കൂടെ കൂടുന്നത് എന്നു പറയുന്നത് കേരളത്തിലാകെ അപമാനകരമാണ്. കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ മേഖലയെയും, ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ഈ നടപടിക്കെതിരെ ശക്തമായി പോരാടുന്നതിന് പകരം അതിനൊപ്പം ചേരുന്നതിനെ ന്യായീകരിക്കാൻ നിലവിൽ പറയുന്ന ന്യായീകരണ ക്യാപ്സൂളുകൾ ഒന്നും മതിയാകാതെ വരും.
അജിത് കുമാറിനെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ നയം, തൃശൂർ ലോകDസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിയിൽ സംസ്ഥാന സർക്കാർ കാട്ടുന്ന നിസ്സംഗത തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ബിജെപി- സിപിഎം ഡീൽ ഉണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പിഎംശ്രീയുമായി സഹകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം. പിഎംശ്രീയുമായി സഹകരിക്കുന്നത് സംസ്ഥാനത്തിന് അർഹമായ 1466 കോടി രൂപ നഷ്ടമാകാതിരിക്കാൻ ആണ് എന്ന വിദ്യാഭ്യാസവും ന്യായീകരണം സിപിഐ പോലും വിലയ്ക്ക് എടുക്കുന്നില്ല. ഇന്നലെകളിൽ കൈകൊണ്ട് നിലപാടുകളിൽ നിന്ന് മലക്കം മറിഞ്ഞുകൊണ്ട് ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിക്കുമ്പോൾ അത് ബിജെപിയുമായി ഉണ്ടാക്കിയ അന്തർധാരയുടെ ഭാഗമാണ് എന്ന പ്രതിപക്ഷ ആരോപണത്തെ മറികടക്കാൻ സിപിഎം ഏറെ പ്രയാസപ്പെടും. നിലവിൽ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ള നിലപാടിലെ അപകടം മനസിലാക്കാൻ കഴിഞ്ഞകാലങ്ങളിൽ സിപിഎമ്മിന്റെ മുഖപത്രത്തിലും മാസികയിലും എഴുതി വന്നിട്ടുള്ള ലേഖനങ്ങൾ മാത്രം വായിച്ചാൽ മതിയാകും. പ്രതിപക്ഷവും സിപിഐയും ശക്തമായി വിദ്യാഭ്യാസ വകുപ്പിനെതിരെ ശബ്ദമുയർത്തുമ്പോൾ ഈ വിഷയത്തിൽ ഒരു പുനർവിചിന്തനം ഉണ്ടാകുമോ ഇല്ലയോ എന്ന് കണ്ടു തന്നെ അറിയണം. നിലപാടിൽ മാറ്റമില്ലാതെ മുന്നോട്ടു പോകുകയാണെങ്കിൽ സംസ്ഥാനത്ത് സിപിഎം ബിജെപി അന്തർധാരയുണ്ട് എന്ന പ്രതിപക്ഷ ആരോപണം സിപിഎമ്മിന് നിഷേധിക്കാൻ കഴിയാത്ത രീതിയിൽ ശക്തിപ്പെടും.