തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോടും അദ്ദേഹത്തിന്റെ വാക്കുകളോടും വിയോജിച്ച് വരന്തരപ്പിള്ളിയിൽ നാല് ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകരാണ് സംവാദത്തിന്റെ പിറ്റേ ദിവസം പാർട്ടി വിട്ടത്. ബിജെപി ഭരിക്കുന്ന വേലുപ്പാടം വാർഡിൽ നിന്നുള്ള സജീവ പ്രവർത്തകരായിരുന്ന പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് പാർട്ടി വിട്ടത്.
ഈ മാസം 18നായിരുന്നു വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാർഡിലാണ് കലുങ്ക് സംവാദം നടന്നത്. പിറ്റേന്ന് 19നാണ് ഇവർ കോൺഗ്രസിൽ ചേരുകയായിരുന്നു. സുരേഷ് ഗോപി സംവാദത്തിനിടെ അപമാനിച്ചതാണ് പാർട്ടി വിടാൻ കാരണമെന്നാണ് പാർട്ടി വിട്ടവർ പറഞ്ഞത്. മന്ത്രിയുടെ പെരുമാറ്റം താൽപര്യമില്ലാത്തതിനാലാണ് പാർട്ടി വിട്ടതെന്നും സുരേഷ് ഗോപിയുടെ പ്രജകളല്ല തങ്ങളെന്നും പാർട്ടി വിട്ട പ്രസാദ് പറഞ്ഞു. രാഹുൽ ഗാന്ധി സാധാരണക്കാരുടെ ചായക്കടയിൽ പോയി ചായ കുടിക്കുമെന്നും എന്നാൽ എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.