കാസർകോട്: സിപിഎം ഏരിയ കമ്മിറ്റി അംഗമായ പിതാവ് തന്നെ വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി വാഹനാപകടത്തിൽ പരുക്കേറ്റ് അരയ്ക്ക് താഴെ തളർന്ന മകളുടെ പരാതി. കാസർകോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്കരന്റെ മകൾ സംഗീതയാണ് പിതാവിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീഡിയോയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള തൻ്റെ ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്നാണ് യുവതി വെളിപ്പെടുത്തുന്നു. കൂടാതെ തനിക്കു ചികിത്സ നിഷേധിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വീഡിയോയിലൂടെ പറയുന്നു.
വാഹനാപകടത്തിൽ പരുക്കേറ്റ് അരയ്ക്ക് താഴെ തളർന്ന സംഗീത വീട്ടിൽ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. വീട്ടിൽ തടങ്കലിൽ പാർപ്പിച്ച് സ്വത്ത് തട്ടിയെടുത്ത കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണെന്നും സംഗീത ആരോപിക്കുന്നു. ഒരു രഹസ്യ ഫോൺ ഉപയോഗിച്ച് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് യുവതി തന്റെ ദുരിതം പുറംലോകത്തെ അറിയിച്ചത്.
തനിക്ക് ലഭിച്ച വിവാഹമോചന സെറ്റിൽമെന്റ് തുക മുഴുവൻ പിതാവും സഹോദരനും ചേർന്ന് കൈക്കലാക്കിയെന്നും, അതിനുശേഷം ചികിത്സപോലും കൃത്യമായി ലഭിക്കുന്നില്ലെന്നും സംഗീത പറയുന്നു. ഒരു ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം അതിരുകടന്നതെന്നും അവർ വ്യക്തമാക്കി. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട് എന്നും, ‘പോയി ചാകാൻ’ പലതവണ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു.
സംഗീതയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
“കമ്മ്യൂണിസവും കാര്യങ്ങളെല്ലാം വീടിന് പുറത്ത് മതി, വീടിനകത്ത് അതൊന്നും നടക്കില്ല,” എന്നാണ് പിതാവ് പറഞ്ഞത്. താൻ പറയുന്നത് കേൾക്കാൻ തയ്യാറല്ലെങ്കിൽ കൊല്ലുമെന്നും, അതിൽ നിന്ന് സുഖമായി ഊരിപ്പോരാനുള്ള കഴിവ് തനിക്കുണ്ട് എന്നും പിതാവ് ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. “ഇനി നീ നടക്കാൻ പോവുന്നില്ല, അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്നു കുഴിയും,” എന്നും പിതാവ് അധിക്ഷേപിച്ചതായി സംഗീതയുടെ വാക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം നേരത്തെ വീട്ടുതടങ്കലിൽ നിന്ന് മോചനം ആവശ്യപ്പെട്ട് സംഗീത സുഹൃത്തിന്റെ സഹായത്തോടെ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ, മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത് എന്ന പോലീസിന്റെ റിപ്പോർട്ടിനെ തുടർന്ന് കോടതിയിൽ ഈ ഹർജി നിലനിന്നില്ല. താൻ തടങ്കലിലാണെന്ന വിവരം പോലീസിനോട് പറയാൻ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും, പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പോലീസ് തന്നോട് ഒരു വിവരവും ആരാഞ്ഞില്ലെന്ന് സംഗീത ആരോപിക്കുന്നു. പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുള്ളതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതെന്നും അവർ പറയുന്നു.
പിന്നീടു കഴിഞ്ഞ ദിവസമാണ് തന്റെ അവസ്ഥ വിവരിച്ച് സംഗീത എസ്.പി.ക്കും കലക്ടർക്കും പരാതി നൽകിയത്. ഈ പരാതിക്ക് പിന്നാലെയാണ് സഹായം അഭ്യർത്ഥിച്ച് യുവതിയുടെ വീഡിയോ സന്ദേശം പുറത്തുവന്നത്. എത്രയും പെട്ടെന്ന് വീട്ടുതടങ്കലിൽ നിന്നും പീഡനത്തിൽ നിന്നും മോചനം ലഭിക്കണമെന്നാണ് സംഗീതയുടെ അടിയന്തരമായ ആവശ്യം. എന്നാൽ യുവതിയുടെ പരാതിയിൽ കാസർകോട് പോലീസ് ഇതുവരെ ഔദ്യോഗികമായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.