തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കേണ്ട പരീക്ഷ തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് റദ്ദാക്കി ഉദ്യോഗാർഥികളെ നട്ടംതിരിച്ച് പിഎസ്‌സി. തെക്കുള്ളവർക്കു വടക്കും വടക്കുള്ളവർക്കു പടിഞ്ഞാറും പരീക്ഷാ സെറ്ററും കൊടുത്ത് വണ്ടിപിടിച്ച് അവിടെയെത്തിയപ്പോഴാണ് പിഎസ്‌സിയുടെ പുതിയ തീരുമാനം അറിയുന്നച്. എഴുതാൻ തലേന്നു തന്നെ വിവിധയിടങ്ങളിൽ എത്തിയ നിരവധി പേരാണ് അവസാനനിമിഷം പരീക്ഷ മാറ്റിയതിനെ തുടർന്ന് തിരികെ പോകേണ്ടി വന്നത്. 14ന് നടത്താൻ നിശ്ചയിച്ച മൈക്രോബയോളജി അസി. പ്രഫസർ പരീക്ഷയാണ് പിഎസ്‌സി അവസാനനിമിഷം റദ്ദാക്കിയതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
പിഎസ്‌സി പരീക്ഷയ്ക്കായി കൊച്ചിയിൽ ഉള്ള നിരവധി പേർക്ക് പരീക്ഷകേന്ദ്രം അനുവദിച്ചത് കോഴിക്കോട്ടാണ്. ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽനിന്ന് ലീവെടുത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പേർ ഇന്ന് കോഴിക്കോട് എത്തിയിരുന്നു. വൈകിട്ട് 5 മണിക്കു ശേഷമാണ് ഇവർക്ക് ലോഗിൻ ചെയ്തു പരിശോധിക്കാൻ സന്ദേശം കിട്ടിയത്. തുടർന്നാണ് പരീക്ഷ മാറ്റിവച്ചുവെന്നും പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്നുമുള്ള അറിയിപ്പ് ലഭിച്ചത്. അവസാനനിമിഷം പരീക്ഷ മാറ്റിയതോടെ മടക്കയാത്രയ്ക്ക് ടിക്കറ്റ് കിട്ടാത്തതിനാൽ ഇന്ന് കോഴിക്കോട് തങ്ങേണ്ട അവസ്ഥയാണുണ്ടായതെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെട്ടു.
ഇതിനിടെ വടക്കൻ ജില്ലകളിൽനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ പോന്നവർ യാത്രയ്ക്കിടെ വിവരം അറിഞ്ഞ് ഇടയ്ക്കിറങ്ങി തിരികെ പോയി. പരീക്ഷയുടെ യോഗ്യതയിൽ മാറ്റം വരുത്തിയതായി ഇന്നു ചേർന്ന കമ്മിഷൻ യോഗത്തെ സർക്കാർ അറിയിച്ചതിനെ തുടർന്നാണ് പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നതെന്നാണ് പിഎസ്‌സിയുടെ വിശദീകരണം. ഉച്ചയ്ക്കു ശേഷമാണ് ഇക്കാര്യം പരീക്ഷാ കൺട്രോളറെ അറിയിച്ചതും പരീക്ഷ റദ്ദാക്കിയതും.