കൊച്ചി: തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരി നിഹാരയുടെ അറ്റുപോയ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ വെച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്നത് രണ്ട് ദിവസത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് നിഹാരയുടെ പിതാവ് മിറാഷ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ചെവി തെരുവുനായ കടിച്ച് പറിച്ചെടുക്കുകയായിരുന്നു. പറവൂർ ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് എം.എസ്സ്. മിറാഷിൻ്റേയും വിനു മോളുടേയും മകൾ നിഹാരയ്ക്കാണ് കടിയേറ്റത്.
മുറിഞ്ഞുപോയ ചെവി തുന്നിച്ചേർത്തിട്ടുണ്ട്. ഇപ്പോൾ കുഞ്ഞിന് ഒരു ഓപ്പറേഷനാണ് കഴിഞ്ഞത്. രണ്ട് ദിവസത്തിന് ശേഷം മാത്രമേ ശസ്ത്രക്രിയ വിജയിച്ചോ എന്ന കാര്യം പറയാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ ശസ്ത്രക്രിയക്ക് ശേഷം മോൾ മയക്കത്തിലാണ്. ചിലപ്പോൾ ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. തെരുവുനായ ആക്രമിച്ചതിൽ പരാതി നൽകണമോ എന്നുള്ള കാര്യങ്ങളെല്ലാം ആശുപത്രിയിൽ നിന്ന് ഇറങ്ങിയതിന് ശേഷം ആലോചിക്കാനാണ് തീരുമാനം”- തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ നിഹാരയുടെ പിതാവ് മിറാഷ് പറഞ്ഞു.
അതേസമയം പറവൂരിൽ മൂന്നുവയസ്സുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് നാട്ടുകാരും യുവജന സംഘടനകളും.നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം ചേച്ചി ശിവാരാധ്യയും ആതുവുമൊത്തു കളിച്ചു കൊണ്ടു നിൽക്കവേയാണ് കുട്ടികൾക്ക് നേരെ തെരുവ് നായയുടെ അക്രമണം ഉണ്ടായത്. സമീപത്ത് ക്രിക്കറ്റുകളിച്ചു കൊണ്ടു നിൽക്കുന്നവർ ഓടിയെത്തിയാണ് നായയെ ഓടിച്ചത്. നിഹാരയുടെ പിതാവ് മിറാഷും മറ്റൊരാളും കൂടിയാണ് കുട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിൻ്റെ നിലത്തു വീണ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് കവറിലാക്കി ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.