കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച മുനമ്പം വിഷയത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി നിരീക്ഷണം. 1950-ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണ്, പിന്നീട് ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി.
സർക്കാരിന്റെ അപ്പീലിലായിരുന്നു ഹർജി. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ മുനമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. തുടർന്ന് ഇതിനെതിരേ അപ്പീൽ പോവുകയായിരുന്നു. ഈ അപ്പീലിലാണ് സർക്കാരിന് അനുകൂലമായി ഉത്തരവ് വന്നിരിക്കുന്നത്. മാത്രമല്ല ഈ ഭൂമിയിൽ സർക്കാരിന് കമ്മിഷൻ വെക്കാനും ഭൂമി പരിശോധിക്കാനുമുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം ഇങ്ങനെ- മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാൻ കഴിയില്ല. 1950-ലെ ആധാരപ്രകാരമാണ് വഖഫ് ഭൂമി എന്ന നിലയിൽ ഫറൂഖ് കോളേജിലേക്ക് വരുന്നത്. എന്നാൽ തിരിച്ചെടുക്കാനുള്ള വ്യവസ്ഥ അതിൽ ഉൾപ്പെടുന്നു. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറിയെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും നിലപാട് എടുത്തിരുന്നു. എന്നാൽ, ഡിവിഷൻ ബെഞ്ച് ഇത് തിരുത്തുകയായിരുന്നു.