മോസ്‌കോ: 2024-ൽ അസർബെയ്ജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യയുടെ പങ്ക് ആദ്യമായി പരസ്യമായി സമ്മതിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അസർബെയ്ജാൻ പ്രസിഡന്റ് ഇൽഹം അലിയേവുമായി താജിക്കിസ്താന്റെ തലസ്ഥാനമായ ദുഷൻബെയിൽ വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പുതിന്റെ ഏറ്റുപറച്ചിൽ. സംഭവത്തെ ഒരു ‘ദുരന്തം’ എന്ന് വിശേഷിപ്പിച്ച പുതിൻ, ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായതെല്ലാം റഷ്യ ചെയ്യുമെന്ന് വാഗ്ദാനം നൽകിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം 67 പേരുമായി യാത്ര തിരിച്ച അസർബെയ്ജാൻ എയർലൈൻസിന്റെ വിമാനം, റഷ്യയിലെ ഗ്രോസ്‌നിയിൽ നിന്ന് വഴിതിരിച്ചുവിട്ട ശേഷം ഡിസംബർ 25-ന് കസാക്കിസ്താനിൽ തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ 38 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ, പുടിൻ അസർബെയ്ജാൻ പ്രസിഡന്റ് അലിയേവിനോട് ഖേദം പ്രകടിപ്പിച്ചെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായിരുന്നില്ല. എന്നാൽ
ദുരന്തം നടന്ന് പത്ത് മാസങ്ങൾക്കിപ്പുറം പുടിൻ ഈ വിഷയത്തെക്കുറിച്ച് അലിയേവുമായി സംസാരിച്ച് തങ്ങൾക്കു സംഭവിച്ച കയ്യബദ്ധം വിവരിക്കുകയായിരുന്നു. യുക്രൈന്റെ ഡ്രോണുകളെ ലക്ഷ്യമിട്ട് റഷ്യ രണ്ട് മിസൈലുകൾ വിക്ഷേപിച്ചെന്നും, ഈ മിസൈലുകൾ അസർബെയ്ജാന്റെ വിമാനത്തിൽ നിന്ന് ഏതാനും മീറ്റർ അകലെവെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു എന്നുമാണ് പുടിൻ വെളിപ്പെടുത്തിയത്.
‘വിക്ഷേപിച്ച രണ്ട് മിസൈലുകളും വിമാനത്തിൽ നേരിട്ട് പതിച്ചില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, അത് അപ്പോൾത്തന്നെ തകർന്നുവീഴുമായിരുന്നു. ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായതെല്ലാം റഷ്യ ചെയ്യും. കൂടാതെ എല്ലാ ഉദ്യോഗസ്ഥരുടെയും നടപടികൾ നിയമപരമായി വിലയിരുത്തപ്പെടും.’ പുടിൻ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, മഖച്കലയിൽ ഇറങ്ങാനുള്ള റഷ്യൻ എയർ ട്രാഫിക് കൺട്രോളർമാരുടെ നിർദേശം വിമാനത്തിന്റെ പൈലറ്റ് അവഗണിച്ചുവെന്നും പുടിൻ പറഞ്ഞു. നിർദേശം അവഗണിക്കുകയും പകരം പൈലറ്റ് യഥാർത്ഥ ലക്ഷ്യസ്ഥാനത്ത് വിമാനം ഇറക്കാൻ ശ്രമിക്കുകയുമായിരുന്നു,
അതേസമയം ചരിത്രപരമായി മോസ്‌കോയുമായി അടുപ്പമുള്ള, എണ്ണ സമ്പന്നമായ മുൻ സോവിയറ്റ് രാഷ്ട്രമായ അസർബെയ്ജാനുമായുള്ള റഷ്യയുടെ ബന്ധം വഷളാവാൻ ഈ സംഭവം ഇടയാക്കിയിരുന്നു. പ്രത്യേകിച്ചും, എംബ്രയർ 190 വിമാനം വഴിതിരിച്ചുവിട്ടത് പക്ഷിയിടിച്ചത് മൂലമാണെന്ന റഷ്യയുടെ വ്യോമയാന ഏജൻസിയുടെ പ്രതികരണമാണ് സ്ഥിതി രൂക്ഷമാക്കിയത്. നേരത്തെ, അപകടത്തിന്റെ യഥാർത്ഥ കാരണം റഷ്യ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചിരുന്ന പ്രസിഡന്റ് അലിയേവ്, പുടിന്റെ പിന്തുണയ്ക്കും ദുരന്തത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പങ്കുവെച്ചതിന് നന്ദിയും പറഞ്ഞതായി ക്രെംലിൻ റിപ്പോർട്ട് ചെയ്യുന്നു.