ദാദസാഹേബ് ഫാൽക്കെ പുരസ്‌കാര നേട്ടത്തിൽ മോഹൻലാൽ സംസ്ഥാന സർക്കാരിന്റെ ആദരം ഏറ്റുവാങ്ങുന്നതിനിടെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ വാക്കുകൾക്ക് മറുപടിയുമായി നടൻ ബൈജു സന്തോഷ്.
എനിക്ക് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ഇനിയും അവസരം കിട്ടിയിട്ടില്ലായെന്നായിരുന്നു അടൂർ വേദിയിൽ പറഞ്ഞത്. എന്നാൽ ഇതിനുള്ള തഗ് മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തത് കൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി’ എന്നാണ് പരിപാടിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോക്ക് താഴെ താരം കമന്റ് ചെയ്തിരിക്കുന്നത്. ശേഷം നിരവധി പേരാണ് ബൈജുവിന് പിന്തുണയുമായി കമന്റ് ചെയ്യുന്നത്.
അടൂരിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു-
“എനിക്ക് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ഇനിയും അവസരം കിട്ടിയിട്ടില്ല. പക്ഷേ മോഹൻലാലിന്റെ കഴിവുകളിൽ അഭിമാനിക്കുകയും അതിന് ആദരവ് നൽകുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. മോഹൻലാലിന് അഭിനയത്തിനുള്ള ആദ്യ ദേശീയ അവാർഡ് നൽകിയ ജൂറി അംഗമായിരുന്നു ഞാൻ. അദ്ദേഹത്തിന് ദേശീയ തലത്തിലുള്ള ബഹുമതികൾ ആരംഭിക്കുന്നത് അവിടെ നിന്നാണ്.
എന്നാൽ രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെയുള്ള ആഘോഷങ്ങളോ, ജനങ്ങൾ മുഴുവൻ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് അദ്ദേഹത്തിനെ ആദരിക്കുന്നത്.”
അതേസമയം എന്നെക്കുറിച്ച് ആദ്യമായി നല്ലത് പറഞ്ഞ.. അല്ല ഞങ്ങൾ ഒരുപാട് വേദികളിൽ ഒരുമിച്ച് ഇരുന്നിട്ടുണ്ട്…എന്നെപ്പറ്റി സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ സാറിനോടും മറ്റെല്ലാവരോടും ഉള്ള നന്ദി ഞാൻ അറിയിക്കുന്നു.” എന്നായിരുന്നു മോഹൻലാൽ മറുപടി പ്രസംഗത്തിൽ പറഞ്ഞത്.