തിരുവനന്തപുരം: ദ്വാരപാലക ശില്പം കോടികൾക്ക് സംസ്ഥാനത്തെ ഒരു കോടീശ്വരന് വിറ്റുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് കോടതി അടിവരയിട്ടുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.’ദ്വാരപാലക ശില്പം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റിരിക്കുന്നത്? ഇപ്പോൾ ഏത് കോടീശ്വരന്റെ വീട്ടിലാണുള്ളത്? കോടികൾ മറിയുന്ന കച്ചവടമാണ് നടന്നത്.
ശബരിമലയിലെ ദ്വാരപാലക ശില്പം വിറ്റുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇങ്ങനെ ഒരു കളവ് നടന്നു എന്ന് ദേവസ്വം ബോർഡിന് അറിയാമായിരുന്നു. എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നത്?’, വി.ഡി. സതീശൻ ചോദിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ മാത്രം കേസെടുക്കാനാകില്ല. അതിന് കൂട്ടുനിന്ന ദേവസ്വം ബോർഡിലേയും സർക്കാരിലേയും വമ്പന്മാർകൂടി കേസിൽ അകപ്പെടും. അതുകൊണ്ട് വിഷയമറിഞ്ഞിട്ടും മൂടിവെച്ചു. ഇതെല്ലാം അറിയുന്ന സർക്കാർ 2025-ൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്ത കളവിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്, വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.