കൊച്ചി : കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) സ്റ്റാർട്ടപ്പുകൾക്കും സൈബർ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS) 2025 ഒക്ടോബർ 11-ന് കൊച്ചി മാരിയറ്റിൽ വെച്ച് നടക്കും. കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM)-ന്റെയും സഹകരണത്തോടെ മൾട്ടി-ക്ലൗഡ്, സൈബർ സുരക്ഷാ രംഗത്തെ ആഗോള സ്ഥാപനമായ എഫ്9 ഇൻഫോടെക് ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.സൈബർ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സംരംഭങ്ങളുടെ ഡിജിറ്റൽ പ്രതിരോധം ശക്തമാക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
വ്യവസായ മന്ത്രി പി. രാജീവ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. വ്യവസായങ്ങളുടെ ഡിജിറ്റൽ നയരൂപീകരണത്തിൽ സൈബർ സുരക്ഷ ഒരു നിർണായക ഘടകമായി മാറുന്നതിലേക്കാണ് ഉന്നതതലത്തിലുള്ള ഈ പങ്കാളിത്തം വിരൽ ചൂണ്ടുന്നത്. സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക മുഖ്യ പ്രഭാഷണം നടത്തും. സി.ഐ.ഐ., ടൈ-കേരള, കെ.എം.എ., കൊച്ചി ചേംബർ ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായ സംഘടനകൾ ഉച്ചകോടിയുടെ ഭാഗമാകും.
നൂതനമായ കൂട്ടായ്മകളിലൂടെ കേരളത്തിന്റെ സൈബർ ഇക്കോസിസ്റ്റത്തെ ആഗോള തലത്തിലേക്ക് ഉയർത്താനാണ് ഉച്ചകോടി ശ്രമിക്കുന്നത്.
പ്രധാന ആകർഷണങ്ങൾ’ലൈവ് അറ്റാക്ക് സിമുലേഷൻ & റെസിലിയൻസ് വർക്ക്‌ഷോപ്പ് (From Breach to Defense)’: സൈബർ ആക്രമണങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക തന്ത്രങ്ങൾ പങ്കുവെക്കുന്ന ഈ പരിശീലനം ഉച്ചകോടിയിലെ സുപ്രധാന ആകർഷണമാണ്.
പാനൽ ചർച്ചകൾ: ‘എംഎസ്എംഇകളുടെ വളർച്ചയ്ക്ക് സൈബർ സുരക്ഷ എങ്ങനെ സഹായിക്കും’ എന്ന വിഷയത്തിലും, ‘ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ യുഗത്തിലെ സാങ്കേതിക നേതൃത്വം’ എന്ന വിഷയത്തിലും പാനൽ ചർച്ചകൾ നടക്കും.
ബോധവൽക്കരണ ശിൽപശാല: ആറു രാജ്യങ്ങളിൽ സാന്നിധ്യമുള്ള എഫ്9 ഇൻഫോടെക്, ചെറുകിട സംരംഭങ്ങൾക്കായി സൗജന്യ സൈബർ സുരക്ഷാ വിലയിരുത്തലുകളും ബോധവൽക്കരണ ശിൽപശാലകളും സംഘടിപ്പിക്കും.