കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചേർത്തല തുറവൂർ പള്ളിത്തോട് സ്വദേശി ചന്ദ്രബാബു എന്ന സഹലേഷ് കുമാർ പിടിയിൽ. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്.
എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റിത്തരാമെന്ന് സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയായിരുന്നു ചികിത്സ. സോഷ്യൽ മീഡിയ പരസ്യം കണ്ടാണ് കണ്ണൂർ സ്വദേശിനി പ്രതിയെ സമീപിച്ചത്. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയ യുവതിയോട് പ്രതി ലൈംഗികാതിക്രമശ്രമം നടത്തുകയായിരുന്നു. യുവതി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചത്.
കരുനാഗപ്പള്ളി കോടതി സമുച്ചയത്തിന് സമീപമുള്ള വീട്ടിൽ തിരുമ്മൽ കേന്ദ്രം നടത്തി വരികയായിരുന്നു ഇയാൾ. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.