ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മറ്റി ഗാന്ധി ജയന്തി ദിനചാരണം സംഘടിപ്പിച്ചു. ആക്റ്റിങ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഒ.ഐസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് അഞ്ചാലൻ ഉദ്ഘാടനം ചെയ്തു.
ഗാന്ധിസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി കൊണ്ട് അവതരിപ്പിച്ച പ്രഭാഷണങ്ങൾ വിഷയ വൈവിധ്യങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയമായി.
ലോകാരാധ്യനായ മഹാത്മാഗാന്ധിയെ വീണ്ടും വീണ്ടും കൊലചെയ്തു കൊണ്ടിരിക്കുകയാണ്
ഇന്നും സംഘപരിവാരങ്ങൾ.
73 വർഷം മുമ്പ് പ്രാർഥനായോഗത്തിൽ പങ്കെടുക്കുമ്പോഴാണ് മഹാത്മാവിനെ നാഥുറാം വിനായക് ഗോഡ്സെ എന്ന ആർ.എസ്.എസുകാരൻ വെടിവെച്ചുവീഴ്ത്തിയത്. വാസ്തവത്തിൽ ഒരാളല്ല, ഒരു ആശയസംഹിതയുടെ പ്രതീകമായിത്തീർന്ന വ്യക്തിയാണ് നന്മയുടെ പ്രതീകമായ മഹാത്മജിയെ കൊന്നത്. ഗാന്ധിജിയെ വധിക്കുന്നതിലൂടെ ഗാന്ധിയൻ ആദർശങ്ങളെയൊന്നാകെ കൊലചെയ്ത് രാജ്യത്തെ വീണ്ടും പ്രാകൃതത്വത്തിലേക്ക് കൊണ്ടുപോകാമെന്നാവണം അവർ ആശിച്ചത്.
എന്നാൽ, എത്രതവണ കൊല്ലാൻ ശ്രമിച്ചിട്ടും ആ ഓർമകളെയും അതുയർത്തുന്ന നന്മയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും വിനയത്തിന്റെയും അഹിംസയുടെയും ആശയങ്ങളെ ഇല്ലാതാക്കാനാവുന്നില്ല.ഓരോ ഗാന്ധിജയന്തി ദിനവും ഓരോ ഗാന്ധി രക്തസാക്ഷിത്വ ദിനവും ഒരു ഓർമ്മപ്പെടുത്തൽ ആണ്.സംഘപരിവാരങ്ങൾക്കുള്ള മുന്നറിയിപ്പാണ്.
ഗാന്ധിയെ വധിക്കുന്നതിലൂടെ ഗാന്ധിയൻ ആശയങ്ങളെ ഇല്ലായ്മചെയ്യാൻ കഴിയുകയില്ല. വർത്തമാനകാല രാഷ്ട്രീയത്തിൽ ഗാന്ധിയൻ ആശയങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. ജനാധിപത്യവും മതേതരത്വവും മുറുകെപ്പിടിക്കുന്നവരാണ്
ഗാന്ധിജിയുടെ നേരവകാശികള്‍. ജീവിച്ചിരിക്കെ ഗാന്ധിജിയുടെ ആശയങ്ങളെ പിന്നില്‍ നിന്നു കുത്തിയ സംഘപരിവാരങ്ങൾക്ക് കാലം മാപ്പു നൽകില്ലെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സൗദി ദേശീയ ദിനത്തിൽ റുവൈസിലുള്ള ഐ എം സി ഹോസ്പിറ്റലുമായി സഹകരിച്ചു ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗമായ സിഎം അഹമ്മദിന്റെ സഹോദരൻ സി എം അബ്ദുൽ ജമാലിന്‍റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ഒ ഐ സി സി ജിദ്ദ മുൻ റീജിയണൽ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ, നാസർ സെയിൻ, പ്രിൻസാദ് കോഴിക്കോട്, നാസർ കോഴിത്തൊടി,സി ടി പി ഇസ്മയിൽ വണ്ടൂർ,
മുജീബ് മൂത്തേടത്ത്, മജീദ് ചേറൂർ, ഫൈസൽ മക്കരപ്പറമ്പ്, സിപി മുജീബ്, ഫസലുളള വെള്ളുവമ്പാലി, ഉസ്മാൻ കുണ്ടുകാവിൽ എന്നിവർ സംസാരിച്ചു.
സമീർ പാണ്ടിക്കാട്, മുഹമ്മദ് ഒമാനൂര്, അനസ് തുവ്വൂർ, അലിബാപ്പു, സിഎം മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.ഗഫൂർ വണ്ടൂർ സ്വാഗതവും, നൗഷാദ് ബഡ്ജറ്റ് നന്ദിയും പറഞ്ഞു.