ട്രയിൻ യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് യുവതി റയിൽവേസ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയതായി അധികൃതർ അറിയിച്ചു. ജമ്മു താവിയിൽ നിന്ന് കാൺപൂരിലേക്ക് പോകുകയായിരുന്നു ട്രെയിനിലെ യാത്രയ്ക്കിടെ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ട്രയിൻ അംബാല റയിൽവേസ്റ്റേഷനിൽ എത്തിയപ്പോൾ റയിൽവേ പൊലീസ് മെഡിക്ക സംഘത്തിൻറെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.
യുവതി ഭർത്താവിനൊപ്പം ജമ്മുവിൽ നിന്നും ഉത്തർപ്രദേശിലേക്ക് പോകുകയായിരുന്നു. റയിൽവേ പൊലീസ് അസിസ്റ്റൻ് സബ് ഇൻസ്പെക്ടർ ഹൻസ് രാജ് ആയിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. പെട്ടന്ന് ഒരു യാത്രക്കാരൻ ജമ്മു-കാൺപൂർ എക്സ്പ്രസിലെ ജനറൽ കോച്ചിൽ ഒരു സ്ത്രീ പ്രസവ വേദവ അനുഭവിക്കുന്നതായി അറിയിക്കുകയായിരുന്നു.
തുടർന്ന് അദ്ദേഹം വനിതാ കോൺസ്റ്റബിൾ ജ്യോതിയോടൊപ്പം കോച്ചിൽ കയറുകയായിരുന്നു. സ്ത്രീക്ക് കഠിനമായ പ്രസവവേദന അനുഭവപ്പെടുന്നുണ്ടെന്നും അവരുടെ നില വഷളാകുന്നുണ്ടെന്നും മനസ്സിലാക്കിയതോടെ ‘112’ എന്ന അടിയന്തര ഹെൽപ്പ് ലൈനിലേക്ക് വിളിക്കുകയായിരുന്നു. സ്ത്രീയെയും ഭർത്താവിനെയും അംബാല കന്റോൺമെന്റ് സ്റ്റേഷനിൽ ഇറക്കുകയായിരുന്നു.
ആശുപത്രിയിൽ നിന്നുള്ള ഒരു ഡോക്ടറും അവിടെ എത്തിയിരുന്നു. തുടർന്ന് ഡോക്ടർമാരുടെയും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ സ്റ്റേഷനിൽ വെച്ച് അവർ ആരോഗ്യവതിയായ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
പ്രസവശേഷം അമ്മയെയും നവജാതശിശുവിനെയും ആംബുലൻസിൽ അംബാല കന്റോൺമെന്റിലെ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.