പത്തനംതിട്ട: കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്തത്ര തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ ശബരിമലയിൽ നടന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്ഷേത്ര വിശ്വാസം തൊട്ടുതീണ്ടാത്ത ഒരു കൂട്ടം ആൾക്കാർ ഭക്തജനങ്ങൾ നൽകിയ കാണിക്ക പോലും അടിച്ചുമാറ്റി കേരളത്തിനകത്തും പുറത്തുമുള്ള അയ്യപ്പഭക്തന്മാരെ ചതിച്ച കഥകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല.
എത്ര വലിയ ഒരു മോഷണമാണ് ദേവസ്വം ഇന്റലിജന്റ്സ് എന്ന ഉമ്മാക്കിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതെന്നും ചെന്നിത്തല പരിഹസിച്ചു. ശബരിമലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പാണ് പിണറായി മന്ത്രിസഭയുടെ കാലത്ത് നടന്നിരിക്കുന്നത്. ദേവസ്വം മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ യാതൊരു യോഗ്യതയുമില്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് അയ്യപ്പഭക്തരുടെ രോഷവും സങ്കടവും മാനിച്ച് അടിയന്തരമായി മന്ത്രി വാസവൻ സ്ഥാനമൊഴിയണം. അപ്പത്തിലും അരവണയിലും അഴിമതി നടത്തുമ്പോലെയല്ല ഇത്. ഭഗവാന്റെ മുതൽ മോഷ്ടിച്ചാണ് ഇപ്പോൾ അഴിമതി. ഇത് ഭക്തജനങ്ങളുടെ വികാരമാണ്. അവരുടെ വിയർപ്പാണ്. ഈ കപടഭക്തർ ഭഗവാന്റെ ശ്രീകോവിലിൽ നിന്നു പോലും മോഷണം നടത്തിയിരിക്കുന്നു. ഇതിനു വേണ്ടി ശക്തമായ നിയമങ്ങളെയും കോടതി വിധികളെയും വരെ കാറ്റിൽ പറത്തി. ശബരിമലയുടെ കാര്യത്തിൽ വിപുലമായ അധികാരങ്ങളാണ് കേരള ഹൈക്കോടതിക്ക് ഉള്ളതെന്നോർക്കണം.
അതുപോലെ കേരളത്തിൽ കഴിഞ്ഞ ഒമ്പതര വർഷമായി ദേവസ്വം ഭരണം കയ്യാളിയ ദേവസ്വം പ്രസിഡന്റുമാരും ദേവസ്വം മന്ത്രിമാരും ഭക്തി തൊട്ടുതീണ്ടിയിട്ടില്ലാത്തവരോ, കപടഭക്തന്മാരോ ആയതു കൊണ്ടാണ് ഭഗവാനുവച്ച കാണിക്ക പോലും അടിച്ചു മാറ്റുന്ന തരത്തിലേക്കു കാര്യങ്ങളെത്തിയത്. ഇവർ വിശ്വാസ സമൂഹത്തെ കബളിപ്പിക്കുകയാണ്. ആചാരലംഘനം അടക്കമുള്ളവയ്ക്കു നേതൃത്വം നൽകി. ഇപ്പോൾ മോഷ്ടിച്ചു മുച്ചൂടും നശിപ്പിക്കുന്നു.
പത്രവാർത്തകളില്ഡ പറയുന്നത് 1998 ൽ വിജയ് മല്യ സ്വർണം പൂശി നൽകിയ ദ്വാരപാലക ശിൽപങ്ങളാണ് ദേവസ്വം രേഖകളിൽ ചെമ്പാക്കി വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റി എന്ന ബിനാമിക്കു നൽകിയെന്നാണ്. ദേവസ്വം ബോർഡ് ശബരിമലയിൽനിന്ന് ഇളക്കിക്കൊടുത്ത സ്വർണം പൂശിയ പാളികളല്ല തങ്ങളുടെ അരികിൽ വന്നതെന്നും വേറെ ചെമ്പുപാളികളിലാണ് സ്വർണം പൂശി നൽകിയതെന്നും സ്വർണം പൂശിയ കമ്പനി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസും പറയുന്നു. അപ്പോൾ പ്രധാനപ്പെട്ട ചോദ്യങ്ങൾ അവശേഷിക്കുകയാണെന്നും ചെന്നിത്തല.
ചെന്നിത്തലയുടെ ചോദ്യങ്ങൾ ഇതൊക്കെ-
*1998 ൽ വ്യവസായിയായ വിജയ് മല്യ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശി നൽകിയെന്നാണ് വാർത്തകളിൽ പറയുന്നത്. അത് ദേവസ്വം രേഖകളിൽ എങ്ങനെ ചെമ്പായി?, ഈ തിരുത്തലിന് പിന്നിൽ ആര്?
*വിജയ് മല്യയുമായുള്ള കരാർ പൂർത്തീകരിച്ചതിന്റെ രേഖകൾ പുറത്തു വിടാമോ?
*ശബരിമലയിൽ സ്വർണം പൂശാൻ എന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി എന്നയാൾ വ്യാപകമായി പണം പിരിച്ചതായി അറിയാമോ?
*സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ല?
*ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവും അനുസരിച്ച് ശബരിമലയിൽ നിന്ന് സ്വർണം പൂശാൻ ഇവയൊന്നും പുറത്തു കൊണ്ടു പോകാൻ പാടില്ല. ഇത് ദേവസ്വത്തിനും ദേവസ്വം മന്ത്രിക്കും അറിവുള്ളതാണ്. എന്നിട്ടും ഉണ്ണികൃഷ്ണൻ പോറ്റി എന്നയാൾക്ക് ഇതിന് എങ്ങനെ അനുമതി ലഭിച്ചു?
*ആരാണ് അനുമതി നൽകിയത്?
അതേപോലെ 2019 മുതൽ ഇന്നേവരെ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. 2019 മുതൽ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാർ, ദേവസ്വംബോർഡ് പ്രസിഡന്റ്, മെമ്പർമാർ, ഉദ്യോഗസ്ഥന്മാർ എന്നിവരെല്ലാം ഇക്കാര്യത്തിൽ കുറ്റക്കാരാണ്. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിന്റെ നേതൃത്വത്തിൽ സാമ്പത്തിക തട്ടിപ്പ്, മോഷണം തുടങ്ങിയ കുറ്റങ്ങൾ അടക്കം ചേർത്ത് എഫ് ഐആർ രജിസ്റ്റർ ചെയ്ത് ഇപ്പോൾ നടന്നിട്ടുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കണം. ഹൈക്കോടതി ഉത്തരവ് ലംഘിച്ച നടത്തിയ ക്രമക്കേട് ആയതിനാൽ കോടതിയലക്ഷ്യത്തിനും കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.