കൊച്ചി: ശബരിമലയിലെ സ്വർണ പാളി വിവാദത്തിൽ പ്രതികരണവുമായി 1999ൽ വിജയ് മല്യക്ക് വേണ്ടി സ്വർണ്ണം പൂശുന്നത് ഇൻസ്‌പെക്ട് ചെയ്ത വിദഗ്ധൻ സെന്തിൽ നാഥൻ. ഒരു ശിൽപ്പത്തിൽ രണ്ടര കിലോ വീതം രണ്ട് ശിൽപങ്ങളിലുമായി അഞ്ച് കിലോ സ്വർണം പൂശി. ദ്വാരപാലക ശിൽപങ്ങളിൽ പൂശിയത് 24 കാരറ്റ് സ്വർണമാണെന്നും സെന്തിൽ നാഥൻ പറഞ്ഞു.
‘ആ സ്വർണത്തിന്റെ നിറം അങ്ങനെ മങ്ങില്ല. 2019ൽ വീണ്ടും സ്വർണ്ണം പൂശാൻ കൊണ്ടുപോകേണ്ട ആവശ്യമില്ല. 2019ൽ സ്മാർട്ട് ക്രിയേഷൻസിന് കിട്ടിയത് പുതിയ ചെമ്പ് എങ്കിൽ 99ൽ പൂശിയ സ്വർണം എവിടെ പോയി? വിശദമായ അന്വേഷണം വേണം. പൂശിയ സ്വർണ്ണം വേർതിരിച്ചു എടുക്കാനാകും. സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടു പോകേണ്ട കാര്യമില്ലെന്നും സെന്തിൽ നാഥൻ പറഞ്ഞു. കൂടാതെ ശബരിമലയിൽ വെച്ച് തന്നെ അത് ചെയ്യാമെന്നും ദ്വാരപാലക ശിൽപങ്ങളിൽ പൂശിയത് 24 കാരറ്റ് സ്വർണ്ണമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
നഷ്ടം സംഭവിച്ചാലും സ്വർണം പൂർണമായും പോകില്ല. 20 വർഷം കൊണ്ട് ഇത്രത്തോളം സ്വർണം പോകാൻ ഒരു സാധ്യതയുമില്ല. ദ്വാരപാലക ശില്പം എല്ലാവരും കൈകാര്യം ചെയ്യുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വേർതിരിച്ചു എടുത്തെങ്കിൽ ആ സ്വർണം എവിടെ പോയെന്നും സെന്തിൽ നാഥൻ ചോദിച്ചു. റിപ്പോർട്ടറിനു നൽകിയ അഭിമുഖത്തിലാണ് സെന്തിൽ നാഥൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തെളിവായി 1999ൽ സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പുറത്ത് വിട്ടു.