മോസ്‌കോ: റഷ്യയുമായുള്ള എണ്ണവ്യാപാരം കുറയ്ക്കാനും അതുവഴു ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുമുള്ള നീക്കം അമേരിക്കയ്ക്കുതന്നെ വിനയായി തീരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഊർജ്ജനയത്തിൽ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ പുടിൻ എടുത്തുപറയുകയും ബാഹ്യ സമ്മർദ്ദങ്ങളെ ചെറുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച പുടിൻ, തങ്ങളുടെ ബന്ധം വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യ ഉൾപ്പെടെ 140-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ, ഭൗമരാഷ്ട്രീയ വിദഗ്ധർ പങ്കെടുത്ത ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പുടിൻ.
പുടിന്റെ വാക്കുകൾ ഇങ്ങനെ-
‘ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കും. അവർ ഒരിക്കലും അപമാനം സഹിക്കില്ല. എനിക്ക് പ്രധാനമന്ത്രി മോദിയെ അറിയാം. അദ്ദേഹം ഒരിക്കലും ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കില്ല.’
അതേസമയം എണ്ണവ്യാപാരത്തിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ അർത്ഥശൂന്യമെന്നാണ് പുടിൻ വിശേഷിപ്പിച്ചത്. മാത്രമല്ല ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയാൽ ഒമ്പതു മുതൽ പത്തുവരെ ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാകും. പുറത്തുനിന്നുള്ള ആവശ്യങ്ങൾക്ക് വഴങ്ങേണ്ട കാര്യം ഇന്ത്യക്കില്ല. റഷ്യയുമായി ഇന്ത്യയ്ക്ക് ദീർഘകാലമായി സുസ്ഥിരമായ ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യൻ എണ്ണവിതരണം വെട്ടിക്കുറയ്ക്കുന്നത് ആഗോള വിപണിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇത് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർത്തുകയും ആഗോള വളർച്ചയ്ക്ക് വലിയ തിരിച്ചടിയാകും. റഷ്യൻ എണ്ണയുടെ പേരിൽ അമേരിക്ക ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും സമ്മർദ്ദത്തിലാക്കുമ്പോൾ, സ്വന്തം ആണവോർജ്ജ വ്യവസായത്തിനായി റഷ്യൻ യുറേനിയത്തെയാണ് അവർ വളരെയധികം ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
”ആണവ നിലയങ്ങൾ ഉപയോഗിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് അമേരിക്ക. അമേരിക്കൻ വിപണിയിലേക്ക് യുറേനിയം വിതരണം ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് റഷ്യ. നിലവിൽ എല്ലാ നാറ്റോ രാജ്യങ്ങളും ഞങ്ങളോട് പോരാടുകയാണ്, അവരത് ഇപ്പോൾ മറച്ചുവെക്കുന്നുമില്ല. നിർഭാഗ്യവശാൽ, യുക്രൈനിൽ അവർ പോരാട്ടങ്ങളിൽ പങ്കെടുക്കുന്നു. യൂറോപ്പിൽ ഒരു കേന്ദ്രം പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട്. അത് വിവരങ്ങൾ നൽകുന്നു, ബഹിരാകാശത്തുനിന്ന് രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നു, ആയുധങ്ങൾ വിതരണം ചെയ്യുന്നു, പരിശീലനം നൽകുന്നു.’ അദ്ദേഹം കുറ്റപ്പെടുത്തി.
അതുപോലെ താരിഫുകളിലൂടെ റഷ്യയുടെ വ്യാപാര പങ്കാളികളെ ശിക്ഷിക്കാനുള്ള ശ്രമങ്ങൾ ആഗോളതലത്തിൽ ഇന്ധനവില വർദ്ധിപ്പിക്കുമെന്ന് പുടിൻ പറഞ്ഞു. ഇങ്ങനെ സംഭവിച്ചാൽ പലിശനിരക്ക് ഉയർത്തേണ്ടി വരുമെന്നും ഇത് അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്നും പുടിൻ വ്യക്തമാക്കി.