വാഷിംഗ്ടൺ: യുഎസ് സർക്കാർ പൂർണമായി ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സർക്കാർ സംവിധാനങ്ങൾക്ക് ആവശ്യമായ ധനബിൽ യുഎസ് കോൺഗ്രസിൽ പാസാക്കിയിരുന്നില്ല. ഇതോടെയാണ് യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങുന്നത്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഷട്ട്ഡൗൺ സാധ്യതയെക്കുറിച്ച് സൂചന നൽകിയത്. സർക്കാർ സേവനങ്ങൾ നിർത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്ന് വിശേഷിപ്പിക്കുന്നത്.
‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം. ഷട്ട്ഡൗണുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഡെമോക്രാറ്റുകൾ സാഹസികത കാണിക്കുകയാണ്’, ട്രംപ് വ്യക്തമാക്കി. ഷട്ട്ഡൗൺ ഒഴിവാക്കാനായി പ്രതിപക്ഷവുമായി ട്രംപ് ചർച്ച നടത്തിയിരുന്നു. എന്നാൽ ഫലം കണ്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ച കൂടി നടക്കുന്നുണ്ട്. അത് കൂടി ഫലം കണ്ടില്ലെങ്കിൽ അമേരിക്ക പൂർണമായും സ്തംഭനത്തിലേക്ക് പോകുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം 1981 ന് ശേഷം പതിനഞ്ചാം ഷട്ട്ഡൗണിലേക്കാണ് അമേരിക്ക നീങ്ങുന്നത്. 2018-19 ഷട്ട്ഡൗണിൽ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. ഫെഡറൽ സർക്കാരിന്റെ 12 വാർഷിക അപ്രോപ്രിയേഷൻ ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത്. ഇവ കോൺഗ്രസിൽ പാസാകാതെയോ പാസാക്കിയ ബില്ലിൽ പ്രസിഡന്റ് ഒപ്പിടാതെയോ വന്നാൽ സർക്കാർ സേവനങ്ങൾ തടസപ്പെടും.
നിലവിൽ ആരോഗ്യ മേഖലയിൽ നൽകി വരുന്ന ധനസഹായം സംബന്ധിച്ചാണ് ഡെമോക്രാറ്റിക്- റിപ്പബ്ലിക് പാർട്ടികൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്. ഇതിൽ ഒബാമ കെയറിന് നൽകുന്ന സബ്‌സിഡിയാണ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കൻ പാർട്ടിക്കാരെ ചൊടിപ്പിക്കുന്നത്. ഇത് ഈ നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാൽ സബ്‌സിഡി നിലനിർത്തണമെന്ന് ഡെമോക്രാറ്റ്‌സും വാദിക്കുന്നു.
ഷട്ട്ഡൗൺ നടപ്പിലാക്കുന്നത് താത്ക്കാലിക ജോലിയുമായി മുന്നോട്ടുപോകുന്നവരെ സാരമായി ബാധിക്കും. ഇവർക്ക് ശമ്പളം ഷട്ട്ഡൗൺ കഴിഞ്ഞാൽ മാത്രമേ ലഭ്യമാവൂ. എയർ ട്രാഫിക് കൺട്രോളർമാർ, അതിർത്തി സംരക്ഷണ ഉദ്യോഗസ്ഥർ, സായുധസേനാംഗങ്ങൾ, എഫ്ബിഐ, ടിഎസ്എ ഏജന്റുമാർ തുടങ്ങി പലർക്കും ജോലി തുടർന്നാലും ശമ്പളം തടസപ്പെടും. കൂടാതെ പാസ്പോർട്ട്, വിസ, സോഷ്യൽ സെക്യൂരിറ്റി കാർഡുകൾ പോലുള്ള സേവനങ്ങളിൽ വലിയ കാലതാമസം ഉണ്ടാകും. ചെറുകിട ബിസിനസ് വായ്പകൾ, ഭക്ഷ്യ സഹായ പദ്ധതികൾ, ഗവേഷണ പദ്ധതികൾ മുതലായവ തടസപ്പെടാനും സാധ്യതയേറെയാണെന്നും റിപ്പോർട്ടുകളുണ്ട്.