പാറശ്ശാല: സംസ്ഥാനത്തേക്ക് വൻതോതിൽ ലഹരി കടത്തുന്ന സംഘം വലയിൽ. റൂറൽ എസ്പിയുടെ കീഴിലുളള ഡാൻസാഫ് സംഘവും പൊഴിയൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരികടത്തു സംഘം പിടിയിലായത്. പ്രതികളിൽ നിന്നു ഏഴര ലക്ഷത്തോളം വിപണി വിലയുളള 175 ഗ്രാം എംഡിഎംഎ പിടികൂടി.
സംഭവത്തിൽ കൊട്ടാരക്കര മാത്തനാട് ചരുവിള പുത്തൻവീട്ടിൽ ഷമി (32),കണിയാപുരം ചിറ്റാറ്റുമുക്ക് ജഹ്നി മൻസിലിൽ മുഹമ്മദ് കൽഫാൻ (24), ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ മണക്കാട്ടുവിളാകത്തിൽ ആഷിക്ക് (20), ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ മണക്കാട്ടുവിളാകത്തിൽ അൽ അമീൻ (23) എന്നിവരാണ് പിടിയിലായത്. പ്രതികൾ വൻ തോതിൽ സംസ്ഥാനത്തേക്കു മയക്കുമരുന്നു കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ദീർഘകാലമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
ബെംഗളൂരുവിൽനിന്ന് വൻതോതിൽ എംഡിഎംഎ വാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് മൊത്തവിൽപ്പന നടത്തുന്നകയാണു പ്രതികൾ ചെയ്തിരുന്നത്. സ്വകാര്യ കാറിൽ കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയിലാണ് ഇവർ ലഹരി ഉത്പന്നങ്ങൾ സംസ്ഥാനത്തേക്കെത്തിക്കുന്നത്. വാഹനത്തിന്റെ മുൻവശത്തിരിക്കുന്ന സ്ത്രീയുടെ ശരീരത്തിൽ വസ്ത്രങ്ങൾക്കിടയിൽ ചെറുപൊതികളായി എംഡിഎംഎ സൂക്ഷിക്കും. കുടുംബസമേതം സഞ്ചരിക്കുന്ന വാഹനമാണെന്ന തോന്നൽ ഉളവാക്കുന്നത് മൂലം വാഹന പരിശോധനകളിൽനിന്ന് ഇവർ രക്ഷപ്പെടാറാണ് പതിവ്.
അതേസമയം കണിയാപുരം കേന്ദ്രീകരിച്ചുളള ഈ സംഘം സംസ്ഥാനത്തേക്ക് വൻതോതിൽ ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്നതായുളള വിവരം ലഭിച്ചതിനെത്തുടർന്ന് ഇവർ ഡാൻസാഫ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവിൽനിന്ന് ഇവർ ഷമിയുടെ വസ്ത്രത്തിനുളളിൽ ലഹരി ഉത്പന്നങ്ങൾ ഒളിപ്പിച്ച് യാത്രതിരിച്ചതായുളള വിവരം ലഭിച്ചതിനെത്തുടർന്ന് സംസ്ഥാന അതിർത്തിയിലുടനീളം പോലീസ് പ്രത്യേക പരിശോധന നടത്തുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് സംസ്ഥാന അതിർത്തിയായ ചെറുവാരക്കോണത്തിന് സമീപം ബൈപ്പാസിലേക്കെത്തിയ ലഹരിക്കടത്ത് സംഘം പോലീസിനെ കണ്ട് ചെങ്കവിള ഭാഗത്തേക്ക് പോവുകയായിരുന്നു. വാഹനം ശ്രദ്ധയിൽപ്പെട്ട പോലീസ് സംഘം ഇവരെ പിന്തുടർന്നു. ഇതിനിടെ ഇടറോഡിലേക്ക് വാഹനം ഓടിച്ച് കയറ്റി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പോലീസ് വാഹനം പിന്തുടർന്ന് പിടികൂടി. വനിതാ പോലീസിനെ ഉപയോഗിച്ച് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.