മൈസൂരു: കർണാടകയിൽ ആറാംക്ലാസുകാരിയെ വാട്‌സാപ്പിലൂടെ വിൽപ്പനയ്ക്ക് വെച്ച് പെൺവാണിഭ സംഘം നടത്തിപ്പുകാരിയും ആൺസുഹൃത്തും. ആറാംക്ലാസ് വിദ്യാർഥിനിയായ 12-കാരിയെ 20 ലക്ഷം രൂപയ്ക്കാണ് വാട്‌സാപ്പിലൂടെ വിൽപ്പനയ്ക്ക് വെച്ചത്. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. മൈസൂരുവിന് സമീപം വിജയനഗരയിലാണ് സംഭവം.
സംഭവത്തിൽ പെൺവാണിഭസംഘത്തിന് നേതൃത്വം നൽകുന്ന ബെംഗളൂരു നിവാസി ശോഭ, ആൺസുഹൃത്ത് തുളസീകുമാർ എന്നിവരെയാണ് വിജയനഗര പോലീസ് അറസ്റ്റ്‌ചെയ്തത്. സംഭവം കണ്ണിൽപ്പെട്ട സന്നദ്ധസംഘടനയായ ‘ഒടനാടി സേവ സമസ്‌തേ’യുടെ ഇടപെടലിലൂടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ചുള്ള പെൺവാണിഭസംഘത്തെ പിടികൂടാനായത്. പ്രതികളായ ശോഭയും തുളസീകുമാറും 20 ലക്ഷം രൂപയ്ക്കാണ് ആറാംക്ലാസ് വിദ്യാർഥിനിയെ വിൽപ്പനയ്ക്കായി വെച്ചിരുന്നത്.
ആദ്യമായി ആർത്തവമുണ്ടായ പെൺകുട്ടിയാണെന്നും പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ മാനസികരോഗങ്ങൾ ഉൾപ്പെടെ ഭേദമാകുമെന്നുമായിരുന്നു ഇവരുടെ പരസ്യം. വാട്‌സാപ്പ് വഴിയായിരുന്നു ഇരുവരും ഈ പരസ്യം പ്രചരിപ്പിച്ചിരുന്നത്. ചിലർക്ക് പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും പ്രതികൾ അയച്ചുനൽകിയിരുന്നു.
ഈ പരസ്യം ശ്രദ്ധയിൽപ്പെട്ട സന്നദ്ധസംഘടനയുടെ അംഗങ്ങൾ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് സന്നദ്ധസംഘടനയിലെ ഒരാൾ ഇടപാടുകാരനെന്ന വ്യാജേന ശോഭയെ ഫോണിൽ ബന്ധപ്പെട്ടു. ശോഭയുടെ വിശ്വാസം നേടിയെടുത്തശേഷം പെൺകുട്ടിയുമായി മൈസൂരുവിലെത്താനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് പ്രതികൾ പെൺകുട്ടിയുമായി മൈസൂരുവിലെത്തി. സന്നദ്ധസംഘടന അംഗങ്ങളും ഇതേസമയം ഇവിടെയെത്തി. തുടർന്ന് ശോഭയുമായി സംസാരിച്ചു. 20 ലക്ഷം രൂപ വേണമെന്നാണ് ശോഭ ഇവരോടും ആവശ്യപ്പെട്ടത്. എന്നാൽ, ഈ സമയം സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം പ്രതികളെ വളയുകയും പെൺകുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
അതേസമയം പെൺകുട്ടി തന്റെ മകളാണെന്നായിരുന്നു ശോഭ ആദ്യം പോലീസിന് നൽകിയ മൊഴി. പിന്നീട് മൊഴിമാറ്റി ബന്ധുവാണെന്നും വളർത്തുമകളാണെന്നും പറഞ്ഞു. തുളസീകുമാർ ഭർത്താവാണെന്നും ശോഭ വെളിപ്പെടുത്തി. എന്നാൽ, ഈ മൊഴികളെല്ലാം കള്ളമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം, പെൺകുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.