കൊല്ലം: അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി… കേരളത്തിനു കൃത്യസമയത്ത് എയിംസ് അനുവദിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡയുടെ പ്രഖ്യാപനം. എയിംസ് ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് വരുമെന്ന് അദ്ദേഹം ബിജെപി നേതാക്കളെ അറിയിച്ചു. കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിലാണ് കേന്ദ്രമന്ത്രി തീരുമാനം വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി വൻ തോതിൽ പ്രചരണങ്ങൾ നടത്തിയിരുന്നു. ആലപ്പുഴയിൽ എയിംസ് വേണമെന്നും അവിടെ അല്ലെങ്കിൽ തൃശൂരിൽ എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളുമായി താരതമ്യം ചെയ്താൽ ആലപ്പുഴയ്ക്ക് എയിംസിന് യോഗ്യതയുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെ എയിംസ് ആലപ്പുഴയിൽ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരും. എനിക്ക് എന്റെ പ്രധാനമന്ത്രിയുടെ അടുത്തും ആരോഗ്യ മന്ത്രിയുടെ അടുത്തും പിന്നെ എനിക്ക് അധികാരമുണ്ട്, അവകാശമുണ്ടെന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞയാഴ്ച പറഞ്ഞത്.
എന്നാൽ എയിംസ് ഇന്ന ജില്ലയിൽ വേണമെന്ന് ബിജെപി കേരള ഘടകത്തിനു നിർബന്ധമില്ലെന്ന് എം.ടി. രമേശ് പറഞ്ഞിരുന്നു. അതുപോലെ വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്.