കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. അയ്യപ്പസംഗമത്തിന്റെ പേരിൽ തെളിഞ്ഞത് സർക്കാരിന്റെ കറകളഞ്ഞ വർഗീയമുഖമാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ ആരോപിച്ചു. മതേതരമനസുകളെ മുറിവേൽപ്പിക്കുന്ന സമുദായനേതാക്കളുമൊത്തുള്ള അപകടകരമായ കളികളാണ് പിണറായി സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഏതു വൈതാളികരെ കൂട്ടുപിടിച്ചും തുടർഭരണം ഉറപ്പാക്കാനുള്ള അതിമോഹത്തിലാണ് സർക്കാരെന്നും സമസ്ത മുഖപത്രം വിമർശിച്ചു. ഈ നിലപാട് മതേതരമൂല്യങ്ങളുടെ അടിവേരിളക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞുകൊടുക്കണമെന്നും മുഖപത്രം ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിനെതിരെ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ കൂട്ടാളി. ആഗോള അയ്യപ്പ സംഗമത്തിന് യോഗി ആദിത്യനാഥിനെ ക്ഷണിച്ചത് ഏതുതരം ഭൗതികവാദമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരിക്കണമെന്നും സുപ്രഭാതം ആവശ്യപ്പെട്ടു.
അയ്യപ്പസംഗമത്തിനെത്തിയില്ലെങ്കിലും ആശംസാകുറിപ്പ് അയക്കാന്‍ ആദിത്യനാഥോ, അത് വേദിയില്‍ വായിക്കാന്‍ ‘ഇടതു മതേതര മന്ത്രി’യോ മറന്നില്ലെന്നതും ശ്രദ്ധേയമാണെന്നും പത്രം വിമർശിച്ചു.സമദൂരവും ശരിദൂരവുമൊക്കെ കൈയൊഴിഞ്ഞ് നായർ സർവീസ് സൊസൈറ്റി (എൻ എസ് എസ്) ഇടതുചേരിയിലേക്ക് അകലം കുറയ്ക്കുന്നുവെന്നും മുഖപത്രം വിമർശിച്ചു. ‘സമദൂരവും ശരിദൂരവുമൊക്കെ കൈയൊഴിഞ്ഞ് ഇടതുചേരിയിലേക്ക് അകലം കുറയ്ക്കാനുള്ള സുകുമാരന്‍ നായരുടെ താല്‍പര്യങ്ങളെ കുറ്റം പറയുന്നില്ല. ഏത് കക്ഷിക്ക് കൂറുപ്രഖ്യാപിക്കണമെന്നതും ആര്‍ക്കു വോട്ടു ചെയ്യണമെന്നതുമൊക്കെ അതതു സംഘടനകളുടെയും വ്യക്തികളുടെയും അവകാശമാണ്.
എന്നാല്‍ ജാതി സംവരണത്തില്‍ ഉള്‍പ്പെടെ മനുഷ്യവിരുദ്ധ, വരേണ്യനിലപാടുകള്‍ മുറുകെപ്പിടിക്കുന്നവരെ കൂടെക്കൂട്ടണോ എന്ന്, മസ്തകത്തില്‍ മതനിരപേക്ഷത തിടമ്പേറ്റിയ ഇടതുകക്ഷികളെങ്കിലും രണ്ടുവട്ടം ആലോചിക്കേണ്ടതാണ്. വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന ബോധ്യം കുറച്ചുകാലമായി കേരളത്തിലെ സി പി എമ്മിനുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍തന്നെ മുമ്പ് അക്കാര്യം വ്യക്തമാക്കിയതുമാണ്. അപ്പോഴും തങ്ങളുടെ വര്‍ഗരാഷ്ട്രീയവും പ്രായോഗിക രാഷ്ട്രീയവും മതനിരപേക്ഷ ഉള്ളടക്കത്താല്‍ ഭദ്രമാണെന്ന് തോന്നിപ്പിക്കാന്‍ സി പി എമ്മിന്, വിശിഷ്യാ പിണറായി സര്‍ക്കാരിന് കഴിഞ്ഞിരുന്നു.
എന്നാല്‍, എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞുവരുമെന്നതാണ് കണ്‍മുന്നിലെ യാഥാര്‍ഥ്യം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സര്‍ക്കാര്‍ വിലാസം പരിപാടിയായ ആഗോള അയ്യപ്പസംഗമവും അതുവഴി മത സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയും’.- എന്നും സമസ്ത മുഖപത്രം വിമർശിച്ചു.