ന്യൂയോർക്ക്: യുഎസിലെ അലാസ്കയ്ക്ക് സമീപം നാല് റഷ്യൻ യുദ്ധവിമാനങ്ങളെത്തിയെന്ന് നോർത്ത് അമേരിക്കൻ എയ്റോ സ്പേയ്സ് ഡിഫൻസ് കമാൻഡിന്റെ വാർത്താക്കുറിപ്പ്. റഷ്യയുടെ ടിയു 95, എസ്‌യു 35 യുദ്ധവിമാനങ്ങളാണ് അലാസ്കയ്ക്ക് അടുത്തെത്തിയത്. റഷ്യൻ യുദ്ധ വിമാനങ്ങളെ തടയാൻ അമേരിക്കൻ യുദ്ധ വിമാനങ്ങളെ അയച്ചതായും ഡിഫൻസ് കമാൻഡ് വ്യക്തമാക്കി.
നാല് റഷ്യൻ വിമാനങ്ങളാണ് അലാസ്കയ്ക്ക് അടുത്തെത്തിയത്. എഫ് 16 ഉൾപ്പെടെയുള്ള വിമാനങ്ങളെ പ്രതിരോധത്തിന് ഉപയോഗിച്ചതായി കമാൻഡ് അറിയിച്ചു. റഷ്യൻ വിമാനങ്ങൾ രാജ്യാന്തര വ്യോമ മേഖലയിൽ ആയിരുന്നെന്നും അമേരിക്കയുടെയോ കാനഡയുടെയോ വ്യോമമേഖലയിൽ കടന്നിട്ടില്ലെന്നും കമാൻഡ് വ്യക്തമാക്കി. യുഎസിന്റെ വ്യോമാതിർത്തി അവസാനിക്കുന്ന, അലാസ്കൻ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലാണ് റഷ്യൻ വിമാനങ്ങളെത്തിയത്. ഇത് രാജ്യാന്തര വ്യോമ മേഖലയാണ്. ഇവിടെ വരുന്ന വിമാനങ്ങൾ സുരക്ഷ കണക്കിലെടുത്ത് വിവരങ്ങൾ സ്വയം വെളിപ്പെടുത്തണം. റഷ്യൻ വിമാനങ്ങൾ അങ്ങനെ ചെയ്യാത്തതിനാലാണ് യുഎസ് വിമാനങ്ങൾ പ്രതിരോധം തീർത്തത്.
അതേസമയം മുൻപും റഷ്യൻ വിമാനങ്ങൾ മേഖലയിൽ നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യ–യുഎസ് നേതാക്കളുടെ വാക്കുതർക്കം തുടരുന്നതിനിടെയാണ് വിമാനങ്ങൾ അലാസ്കയ്ക്ക് അടുത്തെത്തിയതെന്നതിനാൽ സംഭവത്തിനു ഗൗരവം കൈവന്നു. യുക്രെയ്ന്റെയും റഷ്യയുടെയും സൈനികവും സാമ്പത്തികവുമായ സാഹചര്യം അവലോകനം ചെയ്യുമ്പോൾ, നഷ്ടപ്പെട്ട ഭൂപ്രദേശങ്ങൾ യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ തിരിച്ചുപിടിക്കാൻ യുക്രെയ്ന് സാധിക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു സമയവും ക്ഷമയും യൂറോപ്പിന്റെയും നാറ്റോയുടെയും സഹായവുമുണ്ടെങ്കിൽ യുദ്ധം ആരംഭിച്ചപ്പോൾ അതിർത്തികൾ എങ്ങനെയായിരുന്നോ, ആ നിലയിലേക്ക് യുക്രെയ്ന് തിരികെ വരാനാകും. റഷ്യ വെറും ‘കടലാസു പുലി’യാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.