തൃശൂർ: ഷാഫി പറമ്പിൽ എംപിക്കെതിരെയുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ നടപടി വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് വിഡി സതീശൻ പറഞ്ഞു. ഇത്തരം പ്രസ്താവന നടത്തിയ സുരേഷ് ബാബുവിനെ സിപിഎം പുറത്താക്കണം. ഷാഫിയുടെ പരാതിയിൽ കേസെടുക്കണം. ഷാഫിക്കെതിരെ പറഞ്ഞിരിക്കുന്നത് അസഭ്യമാണെന്നും വിഡി സതീശൻ പറഞ്ഞു. പോലീസ് മർദ്ദനമേറ്റ പീച്ചിയിലെ ലാലീസ് ഹോട്ടലുടമയെയും ജീവനക്കാരെയും സന്ദർശിക്കാനെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.
അതുപോലെ എറണാകുളത്തെ വിഷയം സിപിഎമ്മുകാർ തന്നെയാണ് പുറത്തുകൊടുത്തത്. അതിൽ കാണിക്കുന്ന ആവേശവും അതിൽ വെള്ളപൂശാൻ എടുക്കുന്ന ശ്രമമൊന്നും ഇക്കാര്യത്തിൽ ഇല്ല. പറവൂരിൽ എല്ലാവർക്കും എതിരെയാണ് കേസെടുക്കുന്നത്. കേരളത്തിലെ വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ ഏറ്റവും കൂടുതൽ അധിക്ഷേപം ചൊരിഞ്ഞത് സിപിഎമ്മാണ്. പൊതുയോഗങ്ങളിൽ സ്ത്രീകൾക്കും ആളുകൾക്കുമെതിരെ ഏറ്റവും കൂടുതൽ മോശമായി സംസാരിക്കുന്നതും സിപിഎംതന്നെയാണ്. ഞങ്ങൾ ആരെങ്കിലും ഒരു പരാതി കൊടുത്താൽ അത് നിയമത്തിനനുസരിച്ച് വരില്ല. സിപിഎമ്മിന് ഒരു നിയമവും ബാക്കിയുള്ളവർക്ക് ഒരു നിയമവുമാണ്.
സിപിഎമ്മിന്റെ രീതിയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആർക്കെതിരെ എന്തും പറയാനുള്ള കുറെ ആളുകളെ ഇറക്കി വിട്ടിരിക്കുകയാണ് സിപിഎം. സിപിഎം സുരേഷ് ബാബുവിനെതിരെ നടപടി എടുക്കുമോ ഇല്ലയോ എന്ന് നോക്കാമെന്നും വിഡി സതീശൻ പറഞ്ഞു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു. ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിൻറെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിൻറെ അധ്യാപകരുമാണെന്നുമാണ് സുരേഷ് ബാബു പരിഹസിച്ചത്.