മുംബൈ: നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥി ജീവനൊടുക്കി. തനിക്കു ഡോക്ടറാകാൻ താൽപര്യമില്ലെന്ന് കുറിപ്പെഴുതിവെച്ചാണ് വിദ്യാർഥി ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ചന്ദർപുർ ജില്ലയിലെ നവർഗാവിൽ. അനുരാഗ് അനിൽ ബൊർകാർ (19) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
ഉത്തർ പ്രദേശിലെ ഗോരഖ്പുർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടുന്നതിനായി പുറപ്പെടേണ്ട ദിവസമായിരുന്നു സംഭവം. 2025 നീറ്റ് യുജി പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ അനുരാഗിന് ഒബിസി വിഭാഗത്തിൽ ദേശീയതലത്തിൽ 1475-ാം റാങ്കുമുണ്ടായിരുന്നു.
അനുരാഗിനെ മരിച്ചനിലയിൽ കണ്ടെത്തിയതിന് അടുത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അതിൽ തനിക്ക് ‘ഡോക്ടറാകാൻ താൽപര്യമില്ല, ഞാൻ മരിക്കുന്നു’ എന്നാണു എഴുതിയിട്ടുള്ളതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നവർഗാവ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടി മാതാപിതാക്കളുടെ നിർബന്ധത്തെതുടർന്നാണോ നീറ്റ് പരീക്ഷയെഴുതിയെതെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് നവർഗാവ് പോലീസ് അറിയിച്ചു.