തിരുവനന്തപുരം: സി.പി.എമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ അടിയന്തര നീക്കങ്ങളുമായി പാര്‍ട്ടി നേതൃത്വം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ‘അവസരവാദി’ പ്രയോഗത്തിലാണ് സഭാ നേതൃത്വം സി.പി.എമ്മുമായി ഇടഞ്ഞത്. സീറോ മലബാര്‍ സഭാ നേതൃത്വത്തെ നേരിട്ടു കണ്ട് ചര്‍ച്ചകളിലൂടെ അനുനയ നീക്കം നടത്താന്‍ എം.വി ഗോവിന്ദനെ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പുറത്തുവിടണമെന്ന സഭകളുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചേക്കും.25 വര്‍ഷം മുന്‍പ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ ‘നികൃഷ്ടജീവി’ പ്രയോഗത്തിലൂടെ കത്തോലിക്കാ സഭയുമായുണ്ടായ പിണക്കം നിലനില്‍ക്കുന്നതിനിടെയാണ് എം.വി ഗോവിന്ദന്റെ ‘അവസരവാദി’ പ്രയോഗമെത്തിയത്.
മൂന്നാം പിണറായി സര്‍ക്കാര്‍ വരണമോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന സഭാ നേതൃത്വത്തിന്റെ ഭീഷണി നിലനില്‍ക്കെ, രണ്ടുമാസത്തിനുള്ളില്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വിഷയം വീണ്ടും പ്രശ്നമാകുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി. ഇതേത്തുടര്‍ന്നാണ് ഇടയാന്‍ കാരണമായ പരാമര്‍ശം നടത്തിയ എം.വി ഗോവിന്ദനോടു തന്നെ പ്രശ്നം പരിഹരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്. സിറോ മലബാര്‍ സഭയുടെ തലശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ ‘അവസരവാദി’ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വിളിച്ചതായിരുന്നു പുതിയ വിവാദത്തിന് കാരണമായത്.