തിരുവനന്തപുരം: മണ്ണന്തല അമ്പഴങ്ങോട് വീട്ടിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകള്‍ വഴിയില്‍കണ്ട വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തു. പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുംചെയ്തു.നിരവധി കേസുകളില്‍ പ്രതിയും നേരത്തേ ബോംബ് നിര്‍മാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റയാളുമായ ശരത്തും ഇയാളുടെ കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്.
തിങ്കളാഴ്ച അര്‍ധരാത്രി 12:30 ഓടെയായിരുന്നു സംഭവം.ബൈക്കില്‍ പതിയെ പോകാന്‍ പറഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. നേരത്തേ പല കേസുകളിലും പ്രതിയായ രാജേഷ് എന്നയാളാണ് ബൈക്കില്‍ പോവുകയായിരുന്ന ഗുണ്ടാസംഘത്തോട് പതിയെ പോകാന്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ശരത്തും കൂട്ടാളികളും രാജേഷിന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞു. പിന്നാലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരുബൈക്കും അടിച്ചുതകര്‍ത്തു.
ഇതേ ഗുണ്ടാസംഘമാണ് സമീപത്ത് കടനടത്തുന്ന പൊന്നയ്യനെ വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. കടയില്‍ കയറി പഴം കഴിച്ചതിന് ശേഷം പഴം പഴുത്തില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം.അക്രമിസംഘം ആദ്യം ബീഡി വാങ്ങിയെന്നും പിന്നീട് പഴമെടുത്തപ്പോള്‍ അത് പഴുത്തില്ലെന്ന് പറഞ്ഞതോടെയാണ് ആക്രമണം അഴിച്ചുവിട്ടതെന്നും പരിക്കേറ്റ കടയുടമ പൊന്നയ്യന്‍ പറഞ്ഞു. ”ആദ്യം വന്നവര്‍ ബീഡി ചോദിച്ചു. കൊടുത്തപ്പോള്‍ കാശും തന്നു. രണ്ടാമത് പഴം എടുത്തപ്പോള്‍ പഴുത്തില്ല എന്ന് ഞാന്‍ പറഞ്ഞു. അതോടെ കുലയൊക്കെ വെട്ടി നശിപ്പിച്ചു. വാളും വെട്ടുകത്തിയുമായി ആക്രമിച്ചു. ഒരാള്‍ വാള് കൊണ്ടും മറ്റേയാള്‍ വെട്ടുകത്തി കൊണ്ടുമാണ് ആക്രമിച്ചത്. പൊന്നയ്യന്‍ പറഞ്ഞു.