ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ടോസ് ജയിച്ച ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഒമാനെതിരെ അവസാന ഗ്രൂപ്പ് മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പേസര്‍ ഹര്‍ഷിത് റാണക്ക് പകരം വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗിന് പകരം പേസര്‍ ജസ്പ്രീത് ബുമ്രയും പ്ലേയിംഗ് ഇലവനിലെത്തി. കഴിഞ്ഞ കളിയിൽ മൂന്നാമനായി ഇറങ്ങിയ മലയാളി താരം സഞ്ജു ഇത്തവണ അഞ്ചാമനായി ഇറങ്ങും.
അതേസമയം ഗ്രൂപ്പ് മത്സരത്തിന്റെ ആവർത്തനം തന്നെയായിരുന്നു ഇത്തവണയും. ടോസിനുശേഷം പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഘയുമായി ഹസ്തദാനത്തിന്ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തയാറായില്ല.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ പാക്കിസ്ഥാനും രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഖുഷ്ദില്‍ ഷാക്കും ഹസന്‍ നവാസിനും പകരം ഹുസൈന്‍ തലാത്തും ഫഹീം അഷ്റഫും പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിച്ച അതേ പിച്ചില്‍ തന്നെയാണ് ഇന്നത്തെ മത്സരവും.
ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും തന്നെയാണ് ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും പിന്നാലെ തിലക് വര്‍മയും എത്തും. അഞ്ചാം നമ്പറിലാണ് സഞ്ജു ബാറ്റിംഗിനിറങ്ങുക. പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും അക്സര്‍ പട്ടേലും എത്തും.
പാക്കിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സൽമാൻ ആഘ(ക്യാപ്റ്റൻ), ഹുസൈൻ തലാത്ത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ , ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.