വാഷിങ്ടൺ: ട്രംപിന്റെ ഇടപെടൽ ഉണ്ടായിലില്ലെന്ന് സംഘർഷം നടത്തിയ ഇരു രാജ്യങ്ങളും ഒരുപോലെ പറഞ്ഞിട്ടും സമ്മതിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ- പാക് സംഘർഷം അവസാനിക്കാൻ കാരണക്കാരൻ താനാണെന്ന ആവർത്തനം തന്നെയാണ് ഇത്തവണയും. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങളുമായുളള വ്യാപാരബന്ധം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ട്രംപ് വ്യക്തമാക്കി. തന്റെ ഇടപെടലിൽ ഒന്നല്ല ഏഴ് യുദ്ധങ്ങളാണ് ഒഴിവായത്. അങ്ങനെ നോക്കുകയാണെങ്കിൽ ഏഴ് നൊബേൽ സമ്മാനങ്ങൾക്ക് താൻ അർഹനാണെന്നും ട്രംപ് പറഞ്ഞു
“ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും കാര്യമെടുക്കൂ. നിങ്ങൾക്കറിയാം ഞാൻ അത് എങ്ങനെ അവസാനിപ്പിച്ചുവെന്ന്. വ്യാപാരബന്ധം ഉപയോഗിച്ചാണ് ഞാൻ സംഘർഷം അവസാനിപ്പിച്ചത്. അവർക്ക് വ്യാപാരം തുടർന്നുകൊണ്ടുപോകുന്നതിൽ താത്പര്യമുണ്ടായിരുന്നു. ഇരുരാജ്യങ്ങളുടെയും നേതാക്കളോട് എനിക്ക് ബഹുമാനമുണ്ട്.
അതുപോലെ സമാനരീതിയിൽ തായ്‌ലൻഡ്, കംബോഡിയ, അർമേനിയ, അസർബൈജാൻ, സെർബിയ, ഇസ്രയേൽ, ഇറാൻ, ഈജിപ്ത്, എത്യോപ്യ, റുവാൺഡ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ സംഘർഷവും അവസാനിപ്പിച്ചു. അതിൽ 60 ശതമാനവും അവസാനിപ്പിക്കാൻ സാധിച്ചത് അതാത് രാജ്യങ്ങൾക്ക് അമേരിക്കയുമായുള്ള വ്യാപാരബന്ധം മൂലമാണ്.” ട്രംപ് അവകാശപ്പെട്ടു.
ഇതിനിടെ ചിലർ റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞാൽ തനിക്ക് നൊബേൽ നൽകണമെന്ന് പറഞ്ഞിരുന്നതായും ട്രംപ് പറഞ്ഞു. അവരോട് എനിക്കു ചോദിക്കാനുള്ളത് തന്റെ ഇടപെടലിൽ അവസാനിച്ച മറ്റ് ഏഴ് യുദ്ധങ്ങളുടെ കാര്യമാണ്. റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ എളുപ്പമായിരിക്കുമെന്നാണ് കരുതിയത്, ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ അതും അവസാനപ്പിക്കും- ട്രംപ് വ്യക്തമാക്കി. ആഗോളതലത്തിൽത്തന്നെ, മറ്റുരാജ്യങ്ങളുടെ ബഹുമാനം ഏറ്റുവാങ്ങുന്നതരത്തിലുള്ള പ്രവർത്തനങ്ങളാണ് അമേരിക്ക കാഴ്ചവെയ്ക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.