ഇസ്‌ലാമാബാദ്: ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ പ്രതിരോധിക്കാൻ പാക്കിസ്ഥാനൊപ്പം സൗദി അറേബ്യയുണ്ടാകുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സൗദി അറേബ്യയ്‌ക്കെതിരെയോ, പാക്കിസ്ഥാനെതിരെയോ ഒരു ആക്രമണമുണ്ടായാൽ, സംയുക്തമായി അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ റിയാദ് സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഒപ്പുവച്ച പ്രതിരോധ കരാറിനെ പരാമർശിച്ചാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം. അതായത് ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും. കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്നാണിതെന്നും ഖ്വാജ പറഞ്ഞു.
ഖ്വാജ ആസിഫിന്റെ വാക്കുകൾ ഇങ്ങനെ-
‘‘കൂട്ടായ പ്രതിരോധം എന്ന നാറ്റോ കരാറിലെ ആർട്ടിക്കിൾ 5ന് സമാനമാണിത്. അതായത്, കൂട്ടായ്മയിലെ ഒരു അംഗത്തിനു നേരെയുള്ള സൈനിക ആക്രമണം എല്ലാവർക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കും. പ്രതിരോധമാണ് സൗദി അറേബ്യയുമായുള്ള കരാറിന്റെ ലക്ഷ്യം, ആക്രമണമല്ല. സൗദി അറേബ്യയ്‌ക്കെതിരെയോ പാക്കിസ്ഥാനെതിരെയോ ആക്രമണം ഉണ്ടായാൽ, ഞങ്ങൾ സംയുക്തമായി അതിനെ പ്രതിരോധിക്കും. എന്നാൽ ഈ കരാർ ഏതെങ്കിലും ആക്രമണത്തിന് ഉപയോഗിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല’’.
കരാറിലെ മറ്റൊരു പ്രധാന വ്യവസ്ഥ പാക്കിസ്ഥാന്റെ ആണവായുധങ്ങൾ സൗദി അറേബ്യയുടെ ഉപയോഗത്തിനായി ലഭ്യമാക്കും എന്നതാണ്. ഇന്ത്യയ്‌ക്കെതിരെ മാത്രം ഉപയോഗിക്കാനാണ് തങ്ങളുടെ ആണവായുധങ്ങളെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപിത നയത്തിൽ നിന്നുള്ള വലിയ മാറ്റമാണിത്. അതേസമയം ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളിയാണ് സൗദി അറേബ്യ. 2024-25 വർഷത്തിൽ 4,188 കോടി ഡോളറിന്റെ ഉഭയകക്ഷിവ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുണ്ടായത്.