ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിനും ആൻഡി പൈക്രോഫ്റ്റ് മാച്ച് റഫറിയാകുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഇന്ത്യാ- പാക് മത്സരത്തിലെ സംഭവങ്ങളും പിന്നാലെയുണ്ടായ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രതിഷേധവും മുഖവിലയ്ക്കെടുക്കാതെയാണ് ഐസിസി അടുത്ത നീക്കത്തിനൊരുങ്ങുന്നത്. കഴിഞ്ഞ ഇന്ത്യ -പാക് മത്സരത്തോടെയാണ് ഐസിസി-പിസിബി പോര് തുടങ്ങിയത്. പിന്നീട് ബഹിഷ്‌കരണ ഭീഷണി മുഴക്കിയെങ്കിലും ഐസിസി അതു മുഖവിലയ്ക്കെടുത്തില്ലെന്നു മാത്രമല്ല യുഎഇക്കെതിരായ മത്സരം കളിക്കില്ലെന്നു പറഞ്ഞ പിസിബിയെ മത്സരത്തിന് ഇറക്കുകയും ചെയ്തു.
മാത്രമല്ല ബഹിഷ്‌കരണ ഭീഷണി മുഴക്കിയതിന് പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് ഐസിസി. ടൂർണമെന്റിലെ പെരുമാറ്റചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതിയിൽ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ഐസിസി പാക് ക്രിക്കറ്റ് ബോർഡിനെതിരെ നടപടിക്കൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കളിക്കാരുടെയും മാച്ച് ഒഫീഷ്യൽസിന്റെയും കാര്യത്തിൽ തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഐസിസി സിഇഒ സൻജോഗ് ഗുപ്ത പാക് ക്രിക്കറ്റ് ബോർഡിനോട് വിശദീകരണം തേടി ഇ മെയിൽ അയച്ചിട്ടുണ്ട്.
കഴിഞ്ഞ യുഎഇക്കെതിരായ മത്സര ദിവസം, പാക് ടീം കളിക്കാരുടെയും മാച്ച് ഒഫീഷ്യൽസിന്റെയും കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടും തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിലാണ് ഐസിസി അന്വേഷണം നടത്തുന്നത്. മത്സരത്തിന് മുമ്പ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റൻ സൽമാൻ ആഘയെയും കോച്ച് മൈക്ക് ഹെസ്സണെയും കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിക്കരുതെന്ന് മുന്നറിയിപ്പ് മറികടന്നു പാക് മീഡിയ മാനേജർ ഇത് ചിത്രീകരിക്കുകയും പൈക്രോഫ്റ്റ് മാപ്പു പറഞ്ഞുവെന്ന് വ്യക്തമാക്കി ഈ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുകയും ചെയ്തിരുന്നു.
കൂടാതെ പൈക്രോഫ്റ്റ് പാക് ക്യാപ്റ്റനോട് മാപ്പ് പറഞ്ഞുവെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തു. എന്നാൽ ഇന്ത്യക്കെതിരായ മത്സരത്തിലെ ടോസ് സമയത്ത് താനുമായി ബന്ധപ്പെട്ട് പാക് ടീമിനുണ്ടായ തെറ്റിദ്ധാരണയും ആശയവിനിമയത്തിലെ പ്രശ്‌നങ്ങളും മാറ്റാൻ വേണ്ടി മാത്രമായിരുന്നു മത്സരത്തിന് മുമ്പ് പൈക്രോഫ്റ്റ് പാക് ടീമുമായി കൂടിക്കാഴ്ച നടത്തിയതെയെന്നും അല്ലാതെ പാക് ടീം പറയുന്നതുപോലെ മാപ്പുപറയാനല്ലെന്നുമാണ് ഐസിസി വിശദീകരിച്ചത്.