തിരുവനന്തപുരം: തിരുമല വാർഡ് ബിജെപി കൗൺസിലറുടെ മരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകരുടെ കയ്യേറ്റം. റിപ്പോർട്ടർ ടിവി, മാതൃഭൂമി, 24 ന്യൂസ്, ന്യൂസ് 18 മാധ്യമ സംഘങ്ങളെയാണ് ബിജെപി പ്രവർത്തകർ ആക്രമിച്ചത്. കയ്യാങ്കളിക്കിടെ ദേശാഭിമാനി ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തു. ന്യൂസ് 18 ടിവിയുടെ ക്യാമറ തകരുകയും റിപ്പോർട്ടർ ടി വി വീഡിയോ ജേർണലിസ്റ്റ് നന്ദുവിന് പരുക്കേൽക്കുകയും ചെയ്തു.
തിരുമല കൗൺസിലർ അനിൽ ജീവനൊടുക്കിയ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ബിജെപി പ്രവർത്തകർ പ്രകോപിതരായത്. സ്വന്തം ഓഫീസിനുള്ളിലാണ് കൗൺസിലർ അനിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ പറയുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പിലുണ്ട്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് തിരുമല അനിൽ. രണ്ടാഴ്ച മുൻപ് അനിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടിരുന്നുവെന്നും ബാങ്കിന്റെ ബാധ്യതയെക്കുറിച്ച് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചിരുന്നതായാണ് വിവരം.
കൂടാതെ വലിയശാലയിലെ ഫാം ആൻഡ് ടൂർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും മുൻപ് ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് പല കൗൺസിലർമാരോടും അടുത്ത ആളുകളോടും അനിൽ പറഞ്ഞിട്ടുണ്ടെന്ന് പോലീസും പറഞ്ഞു.